കണ്ണൂര്:കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ നൽകുന്നതിനായുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന് സമീപമുള്ള ആരോഗ്യകേന്ദ്രത്തിൽ നടന്ന ക്യാമ്പ് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി വനജാക്ഷി ഉൽഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

50 പേർ പങ്കെടുത്ത ക്യാമ്പിൽ 33 പേർ വയോജനങ്ങളും 17 പേർ ഭിന്നശേഷിക്കാരുമാണ്. ഗുണഭോക്താക്കളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും ആവശ്യമായ സഹായ ഉപകരണങ്ങൾ നിർണയിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വയോജനങ്ങൾക്ക് ചലനസഹായ ഉപകരണങ്ങളും ശ്രവണസഹായിയും ഭിന്നശേഷിക്കാർക്ക് തെറാപ്പി മാറ്റ്, ക്രോം പ്ലേറ്റഡ് വീൽചെയർ, തെറാപ്പി ബോൾ, ബഗ്ഗീസ് തുടങ്ങിയ ഉപകരണങ്ങളുമാണ് ലഭ്യമാക്കുക. ഗുണഭോക്താക്കൾക്കുള്ള ഉപകരണങ്ങളുടെ വിതരണം പിന്നീട് നടത്തുമെന്ന് അധികൃതർ അറിയിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ സി വി പുഷ്പജ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി ജസ്ന, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ക്ലർക്ക് സജീഷ് കുമാർ കൂനൂൽ എന്നിവർ പങ്കെടുത്തു.