ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് പാക്കേജിന് കൂടുതൽ കേന്ദ്ര ധനസഹായം, എയിംസ് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് കൂടിക്കാഴ്ച. ഇന്നലെ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇന്നലത്തെ കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരള ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ ചർച്ചയായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.