ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന്റെ പരാതിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസെടുത്തു.എറണാകുളം നോര്‍ത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. തനിക്കതിരെ കള്ളക്കേസ് എടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി.
പരാതിയില്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയിലായിരുന്നു നേരത്തെ ക്രൈം നന്ദകുമാറിനെ അറ്സ്റ്റ് ചെയ്തിരുന്നത്. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്ക്കാന് തന്നെ നന്ദകുമാര്‍ നിര്‍ബന്ധിക്കുകയായിരുന്നവെന്ന് കാണിച്ച് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്.
ഇതില്‍ ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ വെച്ച് വീഡിയോ ചിത്രീകരിച്ച് വീണ ജോര്‍ജിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കാനായിരുന്നു നന്ദകുമാറിന്റെ ശ്രമം. ജീവനക്കാരിക്ക് വീണ ജോര്‍ജുമായി രൂപ സാദൃശ്യമുള്ളതാണ് ഇവരെ സമീപിക്കാന്‍ കാരണമായത്.
ഈ ആവശ്യമുന്നയിച്ച് തന്നെ നിരന്തരം ബുദ്ധിമുട്ടിച്ചതായി പരാതി നല്കിയ യുവതി പറയുന്നു. സമ്മര്‍ദ്ദം രൂക്ഷമായതോടെ യുവതി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്.
