/

ജില്ലാ വികസന സമിതി യോഗം: അമ്പായത്തോട് നിവാസികള്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം: മന്ത്രി സണ്ണി ജോസഫ്

31 മിനിറ്റ് വായിച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് പ്രദേശത്തെ കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതും ബഡ്ജറ്റ് അലോക്കേഷന്‍ ഇല്ലാത്തതുമായ പേരാവൂര്‍ മണ്ഡലത്തിലെ പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായി പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുണ്ടൂര്‍ പാലത്തിനായി 7.4 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചു. കണിച്ചാര്‍, അടയ്ക്കാതോട്, കുണ്ടെരി പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ഡിസൈന്‍ ലഭ്യമാക്കുന്നതിന് സൂപ്രണ്ടിങ് എഞ്ചിനീയര്‍ക്ക് കൈമാറി. മുഴക്കുന്ന് – ആറളം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാപ്പുംകടവ് പാലത്തിന്റെ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ഡിസൈന്‍ ലഭ്യമാക്കുതിന് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചു. പാലപ്പുഴപാലം, അങ്ങാടിക്കടവ് കുണ്ടൂര്‍ പാലം, പുതുശ്ശേരി പുഴക്കല്‍ പാലം എന്നിവയുടെ ഇന്‍വസ്റ്റിഗേഷന്‍ പ്രവര്‍ത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചു.ആറളം ഫാമിലെ 269 ഉപകുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള പ്രൊജക്ട് സമര്‍പ്പിച്ചതായി ഐ.ടി.ഡി.പി ഓഫീസര്‍ അറിയിച്ചു. ഡിജിറ്റല്‍ സര്‍വ്വെ സംബന്ധിച്ച് ജൂണ്‍ 30 വരെ ലഭ്യമായ മുഴുവന്‍ പരാതികളും തീര്‍പ്പാക്കിയതായും ശേഷിക്കുന്നവ ഈ മാസം 31 നകം പൂര്‍ത്തീകരിക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള തലശ്ശേരി-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് വ്യക്തിഗത സ്‌കെച്ചുകളും മഹസറുകളും തയ്യാറാക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണെന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ ഉള്‍പ്പെട്ട മുഴുവന്‍ വില്ലേജുകളുടെയും ബിവിആര്‍ ജില്ലാ കളക്ടറുടെ അനുമതിക്കായി സമര്‍പ്പിച്ചുവെന്നും എല്‍.എ. ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഈ മാസം അവസാനം ഡി.വി.എസ്. അംഗീകരിക്കും. ഫണ്ട് ലഭിച്ചാല്‍ നവംബറില്‍ 19(1) വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബറോടെ അവാര്‍ഡ് അംഗീകരിക്കും.സ്ഥലമെടുപ്പ് മഹസറുകളില്‍ 156 മൂല്യ നിര്‍ണ്ണയ റിപ്പോര്‍ട്ടുകള്‍ എല്‍.എ തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചതായും ബാക്കി നവംബര്‍ 30 നകം സമര്‍പ്പിക്കുമെന്നും കെ.ആര്‍.എഫ്.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ബാക്കിയുള്ള മുഴുവന്‍ അപേക്ഷകളും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി വില നിര്‍ണ്ണയ റിപ്പോര്‍ട്ട് നല്‍കിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സ്ഥല പരിശോധനയും 220 മഹസറുകളിലെ മരങ്ങളുടെ വില നിര്‍ണ്ണയം നടത്തി നല്‍കിയതായും ശേഷിക്കുന്നവയില്‍ സംയുക്ത പരിശോധന നടന്നു വരുന്നതായും സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്. അറിയിച്ചു.

ജില്ലയിലെ ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കേരള ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. മന്ത്രി സണ്ണി ജോസഫിന്റെ ആവശ്യത്തെത്തുടര്‍ന്നായിരുന്നു ഇത്.കണ്ണൂര്‍ ജല വിതരണ ഡിവിഷന് കീഴിലെ 14 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. അഞ്ചരക്കണ്ടി, കതിരൂര്‍, എരഞ്ഞോളി, പിണറായി, ധര്‍മ്മടം, മുഴപ്പിലങ്ങാട്, കടമ്പൂര്‍, കൂടാളി, പെരളശ്ശേരി, വേങ്ങാട്, കൊളച്ചേരി, ചെമ്പിലോട്, കോട്ടയം, മുണ്ടേരി പഞ്ചായത്തുകളിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. നാറാത്ത്, മയ്യില്‍, കുറ്റിയാട്ടൂര്‍, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ 2027 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാക്കും.

തളിപ്പറമ്പ് ജലവിതരണ ഡിവിഷന് കീഴിലെ 10 ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. രാമന്തളി, മലപ്പട്ടം, കടന്നപ്പള്ളി-പാണപ്പുഴ, ഏഴോം, പട്ടുവം, കണ്ണപുരം, ചെറുകുന്ന്, കല്ല്യാശ്ശേരി, മാട്ടൂല്‍, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഉളിക്കല്‍, ചെങ്ങളായി, പടിയൂര്‍-കല്ല്യാട്, ചപ്പാരപ്പടവ്, പഞ്ചായത്തുകളില്‍ 2028 ഡിസംബറില്‍ പദ്ധതി പൂര്‍ത്തീകരിക്കും.

കണ്ണൂര്‍ പ്രൊജക്ട് ഡിവിഷന് കീഴിലെ ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ചിറക്കല്‍, അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളില്‍ 2026 ഡിസംബറിലും കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ 2027 മാര്‍ച്ചിലും പയ്യാവൂര്‍, എരിവശ്ശേരി, ആലക്കോട്, ഉദയഗിരി, ചെറുപുഴ, പെരിങ്ങോം, വയക്കര, കാങ്കോല്‍, ആലപ്പടമ്പ്, കരിവെള്ളൂര്‍, പെരളം, എരമം – കുറ്റൂര്‍, പേരാവൂര്‍, കോളയാട് ചിറ്റാരിപ്പറമ്പ്, മുഴക്കുന്ന്, ആറളം, അയ്യന്‍കുന്ന്, ചെറുവാഞ്ചേരി വില്ലേജ് എന്നിവിടങ്ങളില്‍ 2028 മാര്‍ച്ചിലും പദ്ധതി പൂര്‍ത്തിയാക്കും.മട്ടന്നൂര്‍ പ്രൊജക്ട് ഡിവിഷന് കീഴിലെ കീഴല്ലൂര്‍, തില്ലങ്കേരി, മാങ്ങാട്ടിടം, പായം പഞ്ചായത്തുകളില്‍ 2027 മാര്‍ച്ചിലും മാലൂര്‍, മൊകേരി പഞ്ചായത്തുകളില്‍ 2027 ഡിസംബറിലും തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ്, ചൊക്ലി, ന്യൂ മാഹി എന്നിവിടങ്ങളില്‍ 2028 മാര്‍ച്ചിലും ജല്‍ജീവന്‍ മിഷന്‍ പൂര്‍ത്തീകരിക്കും

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version