തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. മുഖ്യമന്ത്രിയാണ് കെ ജയകുമാറിന്‍റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.

സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും സർക്കാറും അടിമുടി വെട്ടിലായിരിക്കുമ്പോഴാണ് കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. ആദ്യം പ്രശാന്തിന് തുടർച്ച തീരുമാനിച്ചു. എന്നാൽ നിലവിലെ ബോർഡും അന്വേഷണ പരിധിയിലേക്ക് വന്നതോടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ലെന്ന് സിപിഎം വിലയിരുത്തി. പാർട്ടി ബന്ധമുള്ള പല പേരുകൾ പരിഗണിച്ചു. ഒടുവിൽ രാഷ്ട്രീയ നിയമനം ഒഴിവാക്കി പൊതു സ്വീകാര്യനായ കെ ജയകുമാറിനെ ബോർഡ് പ്രസിഡന്റ് ആക്കാൻ തീരുമാനിച്ചത്.