കണ്ണൂർ കോർപറേഷനിലെ വിവാദ കരാർ റദ്ദാക്കി. മരക്കാർകണ്ടിയിലെ നിർദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാൻറ് നിർമ്മാണ കരാറാണ് റദ്ദാക്കിയത്. 140 കോടി രൂപ എസ്റ്റിമേറ്റുള്ള നിർമ്മാണ കരാറിൽ അപാകതയെന്ന കണ്ടെത്തലിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. കരാറിൽ വൻ അഴിമതിയുണ്ടെന്നും മേയർ മുസ്ലിഹ് മഠത്തിൽ കോഴ വാങ്ങിയെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആരോപിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം നടന്നിരുന്നു.

അമൃത് – 2 സംസ്ഥാന തല ഹൈ പവർ സ്റ്റിയറിങ് കമ്മിറ്റിയാണ് കരാർ റദ്ദാക്കിയത്. വിവാദ കരാർ നടപ്പിലാക്കിയില്ലെന്നായിരുന്നു കോർപറേഷൻ്റെ നിലപാട്. 40 കോടി ടെൻഡർ എസ്റ്റിമേറ്റ് 140 കോടിയാക്കി തിരുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ക്ളറിക്കൽ മിസ്റ്റേക്കാണെന്നായിരുന്നു മേയറുടെയും ഭരണസമിതിയുടെയും വിശദീകരണം.