തലശ്ശേരി : പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്. രാഷ്ട്രീയ എതിരാളികൾക്കും കോടിയേരിയോട് മതിപ്പായിരുന്നു. എല്ലാവരെയും നല്ല രീതിയിൽ സമീപിക്കാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു.

പാർട്ടി സഖാക്കളുമായി ഊഷ്‌മളമായ ബന്ധമായിരുന്നു.പാർട്ടി കാര്യങ്ങളിൽ വ്യക്തതയും സൂക്ഷ്‌മതയും പുലർത്തിയിരുന്നു സങ്കീർണ്ണമായ ഘട്ടങ്ങളിൽ വ്യക്തതയോടെയുള്ള സമീപനം സ്വീകരിച്ചു. കഠിന രോഗം ബാധിച്ചപ്പോഴും ആത്മവിശ്വാസത്തിന് കുറവുണ്ടായില്ല. രോഗം മൂർഛിച്ച അവസ്ഥയിലും ജനങ്ങളുടെ ഇടയിലേക്ക് എത്താൻ ശ്രമിച്ചു. കോടിയേരിയുടെ വിയോഗം പെട്ടന്ന് നികത്താവുന്ന ഒന്നായിരുന്നില്ല, അത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരണ പൊതു യോഗത്തിൽ പറഞ്ഞു.