തദ്ദേശ തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങൾ പാലിച്ച് വോട്ടവകാശം വിനിയോഗിക്കുക

13 മിനിറ്റ് വായിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടർമാർ വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോൾ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുൻപിലെത്തി സ്ലിപ്പ് ഏൽപ്പിക്കണം. ഉദ്യോഗസ്ഥൻ കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റുകൾ വോട്ടിംഗിന് സജ്ജമാക്കും. തുടർന്ന് സമ്മതിദായകൻ വോട്ടിങ് കമ്പാർട്ട്‌മെന്റിലേക്ക് നീങ്ങണം. ബാലറ്റ് യൂണിറ്റിൽ ഏറ്റവും മുകളിൽ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകൾ വോട്ടു രേഖപ്പെടുത്താൻ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ ദീർഘമായ ബീപ് ശബ്ദം കേൾക്കുകയും വോട്ട് രേഖപ്പെടുത്തൽ പൂർണ്ണമാവുകയും ചെയ്യും. ശേഷം വോട്ടർക്ക് മടങ്ങാവുന്നതാണ്.


കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടർ ഒരു വോട്ടുമാത്രം ചെയ്താൽ മതി. ത്രിതല പഞ്ചായത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകൾ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാർട്ട്‌മെന്റിലെ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റിൽ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തൽ പൂർണമാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!