കണ്ണൂർ മാക്സ് ആശുപത്രിയിൽ കവർച്ച

7 മിനിറ്റ് വായിച്ചു

കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മേശവലിപ്പ് കുത്തി തുറന്ന് 50,000 രൂപ കവർന്നതായി പരാതി. സമീപത്തെ രണ്ട് വീടുകളിലും കവർച്ച ശ്രമമുണ്ടായി. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. കണ്ണൂർ തളാപ്പ് ഡിസിസി ഓഫീസിന് സമീപത്തെ മാക്സ് ആശുപത്രിയിലാണ് കവർച്ച നടന്നത്. ആശുപത്രിയിലെ സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

സമീപത്തെ രണ്ട് വീടുകളിലെ ജനാലകൾ തുറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ആശുപത്രിയുടെ അരമതിൽ ചാടിക്കടന്ന് അകത്ത് കയറിയത്. മുഖം തുണികൊണ്ട് മറച്ച് ആയുധവുമായി എത്തിയ മോഷ്ടാവ് പിറകുവശത്തെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് ഒന്നാം നിലയിൽ എത്തിയത്. ഗോവണി വഴി താഴെത്തെ നിലയിലെ റിസപ്ഷൻ കൗണ്ടറിൽ എത്തിയ ശേഷം കൈയിൽ കരുതിയ ടോർച്ചടിച്ച് ചുറ്റുപാടും പരിശോധിച്ചു.

തുടർന്ന് ആയുധം ഉപയോഗിച്ച് മേശ വലിപ്പ് കുത്തിത്തുറന്ന് അതിനകത്ത് ഉണ്ടായിരുന്ന 50,000 രൂപ കവർന്നു. പണം കൈക്കലാക്കിയതോടെ ധൃതിപിടിച്ച് ഓടിപ്പോകുന്നതായും സിസിടിവി ദൃശ്യത്തിലുണ്ട്. രാവിലെ ആശുപത്രിയിൽ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ടൗൺ പോലീസിൽ വിവരം അറിയിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. ആശുപത്രി മാനേജർ പി കെ പി ഷാജറിൻ്റെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!