പതിനെട്ടു വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് “തണുത്ത പ്രതികരണം”. കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതൽ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല. ബൂസ്റ്റർ ഡോസിനോടുള്ള അലംഭാവം സർക്കാർ മേഖലയിലെ കേന്ദ്രങ്ങളിലും പ്രകടമാണ്.പ്രധാന ഡോസ് വാക്സിനെല്ലാം സർക്കാർ മേഖലയിൽ പൂർണമായും സൗജന്യമായിരുന്നതിനാൽ ഏറെക്കുറെ നിർജീവമായിരുന്ന സ്വകാര്യ മേഖലയിലേക്കാണ് 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഇപ്പോൾ പൂർണമായി എത്തുന്നത്.പക്ഷെ രണ്ട് ദിവസം കഴിഞ്ഞിട്ടും വാക്സിൻ സ്റ്റോക്കുള്ള പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നും തിരക്കില്ല. കൊവിഡ് ഭീതിയൊഴിഞ്ഞതാണ് ഒരു കാരണം. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞ് മതി ബൂസ്റ്റർ ഡോസ് എന്നുള്ളത് കൊണ്ട് വലിയൊരു വിഭാഗത്തിന് ഇനിയും സമയപരിധി ആകാനുണ്ട്. ഏറ്റവുമധികം ചികിത്സാ സൗകര്യമുള്ള തലസ്ഥാനത്ത് കോവിൻ പോർട്ടലിലെ കണക്കുകൾ പ്രകാരം ബൂസ്റ്റർ ഡോസിനായി ഉള്ളത് 23 സ്വകാര്യ കേന്ദ്രങ്ങൾ. എറണാകുളത്ത് 26. മറ്റു ജില്ലകളിൽ ഇതിലും കുറവാണ്. ആദ്യഘട്ടത്തിൽ വാക്സിനേഷനായി സ്റ്റോക്കെടുത്ത് തയാറെടുപ്പ് പൂർത്തിയായെങ്കിലും, സർക്കാർ മേഖലയിൽ തന്നെ സൗജന്യമായി വാക്സിൻ സുലഭമായതോടെ സ്വകാര്യ മേഖലയിൽ ആരും വരാതായിരുന്നു. ഇതോടെ പലരും നിർത്തിയതും കേന്ദ്രങ്ങൾ കുറയാനിടയായി.ഒന്നരലക്ഷത്തിലധികം ഡോസ് വാക്സിൻ നിലവിൽ സ്വകാര്യ മേഖലയിലുണ്ട്. സർക്കാർ മേഖലയിൽ സൗജന്യമായിരുന്നപ്പോഴും വാക്സിനേഷൻ തുടർന്ന ആശുപത്രികളുടെ പക്കലുള്ള കാലാവധി തീരാറായ വാക്സിൻ സ്റ്റോക്ക് സർക്കാർ തിരികെയെടുത്ത് മാറ്റിക്കൊടുക്കുന്ന നടപടിയിലാണ്. സർക്കാർ വിലകൊടുത്ത് വാങ്ങിയ വാക്സിൻ സ്റ്റോക്കിൽ നിന്ന് വാങ്ങിയ വാക്സിനായിരുന്നു ഇവ. അതിനിടെ കൊവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് കഴിഞ്ഞ ദിവസം വില കുത്തനെ കുറച്ചിരുന്നു. കൂടിയ വിലയ്ക്ക് മുൻപ് സ്റ്റോക്കെടുത്തവർക്ക് നഷ്ടം വരാതിരിക്കാൻ പകരം വാക്സിൻ വയലുകൾ നൽകാമെന്ന് ധാരണയായതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം ഒഴിവായിട്ടുണ്ട്. 60ന് മുകളിലുള്ളവരടക്കം മുൻഗണനാ വിഭാഗത്തിലെ സർക്കാർ മേഖലയിലെ ബൂസ്റ്റർ ഡോസിനും ആളില്ല. ഇതുവരെ 13,000 പേർ പോലും എടുത്തിട്ടില്ല.
കോവിഡ് ഭീതി അകലുന്നു ;18 വയസിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് “തണുത്ത പ്രതികരണം”
