ആലക്കോട് : മദ്യലഹരിയിലായിരുന്ന സുഹൃത്തിൻ്റെ കഴുത്തിൽ നിന്നും മൂന്നു പവനും രണ്ടു ഗ്രാം തൂക്കവുമുള്ള മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ നടുവിൽ സ്വദേശി രാജേഷിനെയാണ് ഇൻസ്പെക്ടർ എം.എൻ. ബിജോയിയുടെ നേതൃത്വത്തിൽ എസ്.ഐ. എം.ജെ. ബെന്നി, എ.എസ്.ഐ. സി.എച്ച്.സിദ്ധിഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നജീബ്, സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. നടുവിൽ മണ്ഡളം സ്വദേശി ഒ.എം. ഫ്രാൻസിൻ്റെ (67) മാലയാണ് പ്രതി കവർന്നത്. ഒക്ടോബർ 8 ന് ആണ് സംഭവം. മദ്യലഹരിയിൽ അവശനായ പരാതിക്കാരൻ്റെ മൂന്നു പവൻ രണ്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണമാല പ്രതി മോഷ്ടിക്കുകയായിരുന്നു.
മാല കാണാതായതോടെ പലതവണ പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടും പ്രതി മാല നൽകാൻ തയാറായില്ല .ഇതിനിടെ പ്രതി വിഷം കഴിച്ച് ആശുപത്രിയിലായി. തുടർന്നാണ് മാല മോഷണത്തിന് പോലീസിൽ പരാതി നൽകിയത്. മോഷ്ടിച്ച മാല പ്രതി ആലക്കോട്ടെ സഹകരണ സ്ഥാപനത്തിൽ പണയം വെക്കുകയും പോലീസ് അന്വേഷണം നടക്കുന്നതിനിടെ പണയ പണ്ടമെടുത്ത് പിന്നീട് ജ്വല്ലറിയിൽ വില്പന നടത്തുകയുമായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ നടുവിൽ ടൗണിൽ വെച്ച് പോലീസ് സംഘം അറസ്റ്റു ചെയ്തത്.