ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്, ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

10 മിനിറ്റ് വായിച്ചു

സംസ്ഥാന റവന്യൂ (ദേവസ്വം) വകുപ്പിന്റെ കീഴിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നൽകുന്ന 2023-24 വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാ അക്കാദമി നൽകുന്ന ക്ഷേത്ര കലാശ്രീ പുരസ്‌കാരം പ്രമുഖ ഗാനരചയിതാവും സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് എം വിജിൻ എംഎൽഎ കണ്ണൂർ പിആർഡി ചേംബറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25,001 രൂപയും മൊമെന്റോയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. ക്ഷേത്ര കലാ ഫെലോഷിപ്പുകൾക്ക് പ്രമുഖ നങ്ങ്യാർ കൂത്ത് കലാകാരി ഉഷ നങ്ങ്യാർ, മോഹിനിയാട്ട കലാകാരിയും സിനിമാതാരവുമായ നിഖില വിമൽ എന്നിവർ അർഹരായി. 15001 രൂപ, മൊമെന്റോ, സാക്ഷ്യപത്രം എന്നിവയാണ് പുരസ്‌കാരം. സെപ്റ്റംബർ രണ്ടാം വാരം ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.കണ്ണൂർ ജില്ലയിലെ മാടായിക്കാവ് ആസ്ഥാനമായി 2015 ൽ രൂപീകൃതമായ ക്ഷേത്രകലാ അക്കാദമി ക്ഷേത്രകലകളുടെ പ്രോത്സാഹനം, പ്രചാരണം, ജനകീയവത്കരണം എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി കഴിഞ്ഞ എട്ടു വർഷങ്ങളായി നിരവധി സംരംഭങ്ങളിലൂടെ സഹൃദയ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു. ആയിരത്തിലധികം കുട്ടികൾക്ക് വിവിധ ക്ഷേത്ര കലകളിൽ പരിശീലനം നൽകി. ഇരുന്നൂറിലധികം ക്ഷേത്രകലാ സോദാഹരണ ക്ലാസുകൾ നടത്തി. ഇരുന്നൂറിലധികം ക്ഷേത്രകലാകാരന്മാർക്ക് പുരസ്‌കാരങ്ങൾ നൽകി. ഗുരു ചേമഞ്ചേരി, കെ. എസ് ചിത്ര, കലാമണ്ഡലം ഗോപിയാശാൻ, മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻമാരാർ എന്നിവർ ക്ഷേത്രകലാ അക്കാദമിയുടെ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖരാണ്.

വാർത്താ സമ്മേളനത്തിൽ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഭരണസമിതി അംഗങ്ങളായ ഗോവിന്ദൻ കണ്ണപുരം, ടി.കെ.സുധി, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!