ശബരിമല സ്വർണപ്പാളി കടത്ത് കേസിൽ വ്യക്തത വന്നാൽ നടപടി; എം.വി ഗോവിന്ദൻ മാസ്റ്റർ

12 മിനിറ്റ് വായിച്ചു

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എ. പത്മകുമാറിനെതിരെയുള്ള കുറ്റത്തിൽ വ്യക്തത വന്നാൽ നടപടിയെടുക്കും. ഇതിൽ ധൃതിവയ്ക്കേണ്ട കാര്യമില്ല. മാധ്യമങ്ങൾ പറയുന്നതനുസരിച്ചു നടപടിയെടുക്കാൻ കഴിയില്ല. ഇടതു സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള കേളികൊട്ടാവും തദ്ദേശ ഭരണ തെരെഞ്ഞെടുപ്പ് ഫലമെന്നും കണ്ണൂർ പ്രസ് ക്ലബ്ബിൽ തദ്ദേശം 2025 പരിപാടിയാൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. എസ്. ഐ.ടി അന്വേഷണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ തന്നെയുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസെടുത്ത നടപടി മുഖം രക്ഷിക്കാനുള്ള നടപടിയാണ്. രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്പിൽ ആണ് ഏറ്റവും സംരക്ഷിക്കുന്നത്. ഒളിപ്പിച്ചാലും രാഹുലിനെ പിടിക്കും.ശിക്ഷിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല. ഒരു കോടതി മാത്രമല്ല ഇവിടെയുള്ളത്. അവർക്ക് മേൽ കോടതിയെ സമീപിക്കാം. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി വിവിധ കേസുകളിൽ പ്രതിയാക്കപ്പെടാം. അതൊന്നും പുതിയ കാര്യമല്ല.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും പാർട്ടിയുടെ ഭാഗം തന്നെയാണ്. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ കുറ്റവാളികളെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരുന്നതിനാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ എസ്. ഐ.ടി അന്വേഷണം നടത്തിവരുന്നത്. അയ്യപ്പൻ്റെ ഒരു തരി പൊന്നു പോലും നഷ്ടപ്പെടാൻ വിടില്ല. കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കൊളള നടന്നത് ഗുരുവായൂരിലാണ്. 1985 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായ വേളയിലാണ് ഗുരുവായൂരപ്പൻ്റെ തിരുവാഭരണം മോഷണം പോയത്. ഇതുവരെ തിരുവാഭരണം എവിടെയെന്ന് അറിഞ്ഞിട്ടില്ല. എൽ.ഡി.എഫ് സർക്കാരിനെ വിമർശിക്കുന്ന യു.ഡി.എഫുകാർ ചരിത്ര മോർക്കണം. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയം ആവർത്തിക്കും. കണ്ണൂർ കോർപറേഷനിലും ഇത്തവണ ജയിക്കും സി.പി.എം സംസ്ഥാന സമിതി അംഗം എം.പ്രകാശനും പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡൻറ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതവുംട്രഷറർ കെ.സതീശൻ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!