കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 11 കാരിയുടെ ജീവന്‍ രക്ഷിച്ചു

20 മിനിറ്റ് വായിച്ചു

കണ്ണൂര്‍ : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 11 വയസ്സുകാരിയുടെ ജീവന്‍ രക്ഷപ്പെടുത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്. കണ്ണൂരിന്റെ കിഴക്കന്‍ മലയോരമേഖലയില്‍ നിന്നുള്ള റോസ് മരിയ എന്ന പെണ്‍കുട്ടിയെ അതീവ ഗുരുതരമായ അവസ്ഥയിലാണ് മറ്റൊരു ഹോസ്പിറ്റലില്‍ നിന്നും ആസ്റ്റര്‍ മിംസിലെത്തിച്ചത്. ശക്തമായ തലവേദന, ഛര്‍ദ്ദി, സ്വഭാവ വ്യത്യാസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളായിരുന്നു ആദ്യം ശ്രദ്ധയില്‍പെട്ടത്. പിന്നീട് അപസ്മാരം കൂടി ബാധിച്ചതോടെ കുഞ്ഞിന്റെ നില ഗുരുതരമായി മാറുകയായിരുന്നു. ആദ്യം ചികിത്സ തേടിയ ആശുപത്രിയില്‍ നിന്ന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും സ്ഥിരീകരിക്കുവാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുഞ്ഞിനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെത്തിക്കുകയായിരുന്നു. ആസ്റ്റര്‍ മിംസിലെത്തിക്കുമ്പോഴേക്കും ശരീരത്തിന്റെ ഒരു വശം തളര്‍ന്ന് പോവുകയും ചെയ്തിരുന്നു. ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ നേരത്തെ പുഴയില്‍ കുളിച്ചിരുന്നു എന്നത് ശ്രദ്ധയില്‍ പെടുകയും ലക്ഷണങ്ങള്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ സമാനമാണ് എന്ന് മനസ്സിലാവുകയും ചെയ്തതിനെ തുടര്‍ന്ന് പരിശോധനാ ഫലങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ആവശ്യമായ ചികിത്സകള്‍ നല്‍കുകയായിരുന്നു. പിന്നീട് പരിശോധനാ ഫലം വരികയും നിഗ്ലേരിയ ഫോളേരി വിഭാഗത്തില്‍ പെട്ട അമീബയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു.

വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേരിട്ടുള്ള നിരന്തരമായ ഇടപെടലുകളും തുടര്‍ച്ചയായ വിലയിരുത്തലുകളും ചികിത്സയുടെ ഭാഗമായി നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടി മരുന്നുകളോട് പ്രതികരിക്കുകയും ഏഴ് ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റുവാന്‍ സാധിക്കുകയും ചെയ്തു. 13 ദിവസത്തിന് ശേഷമാണ് ഐ സി യു വില്‍ നിന്ന് കുഞ്ഞിനെ റൂമിലേക്ക് മാറ്റിയത്. 28 ദിവസം ചികിത്സ തുടരുകയും 32ാമത്തെ ദിവസം ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. രോഗാവസ്ഥയെ പൂര്‍ണ്ണമായും തരണം ചെയ്യുവാന്‍ സാധിച്ചു. ശരീരത്തിന്റെ തളര്‍ച്ചയില്‍ മികച്ച പുരോഗതി ലഭ്യമായിട്ടുണ്ട്. ഫിസിയോതെറാപ്പിയിലൂടെ ഇതിനെ അതിജീവിക്കാന്‍ സാധിക്കും.

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ സാന്നിദ്ധ്യം നമ്മുടെ നാട്ടില്‍ വലിയ തോതില്‍ അധികരിച്ച് വരികയാണെന്ന് ആസ്റ്റർ മിംസ് പീഡിയേട്രിക് & നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. നന്ദകുമാര്‍ എം കെ പറഞ്ഞു. 2016 മുതല്‍ 2023 വരെ വെറും 8 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 8 പേരും മരണത്തിന് കീഴടങ്ങി. എന്നാല്‍ 2024ല്‍ 36 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഇതില്‍ 9 മരണം സംഭവിക്കുകയും ചെയ്തു. 2025ല്‍ കേസ് നിരക്ക് കുത്തനെ കൂടുയകുയം 164 എന്ന നിലയിലെത്തപ്പെടുകയും ചെയ്തു. ഇതില്‍ 38 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂരില്‍ പൊതുവെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല, എന്നാല്‍ റോസ് മരിയയുടെ സംഭവത്തോടെ കണ്ണൂര്‍ മേഖലയിലും അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ സാന്നിദ്ധ്യം പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇത് ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്’ എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മായ സി സി പറഞ്ഞു. ഡോ നന്ദകുമാർ, ഡോ വീണ കുമാരി, ഡോ മായ സി സി, പീഡിയേട്രിക് ന്യൂറോളജി വിഭാഗം ഡോ കാർത്തിക, പീഡിയേട്രിക് ഇന്റെൻസിവിസ്റ്റ് ഡോ ആഷിഫ് തുടങ്ങിയവർ ചികിത്സയ്ക് നേതൃത്വം നൽകി

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!