കണ്ണൂര്‍: വ്യാപാരികളും വ്യവസായികളും സര്‍ക്കാരിന്റെ ശത്രുക്കളല്ല, ബന്ധുക്കളാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഒരു വര്‍ഷം നീളുന്ന 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയെ ഉത്തേജിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും വ്യാപാരവും വ്യവസായവും കൂടുതല്‍ വളരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാപാര-വ്യവസായ മേഖലയെ നിലനിര്‍ത്തിയാല്‍ മാത്രമേ സര്‍ക്കാരിന് വരുമാനം ലഭിക്കുകയുള്ളൂ. അതിനായി നികുതി വര്‍ധിപ്പിക്കുകയല്ല പോംവഴിയെന്നും അത്തരമൊരു സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായ മേഖലയില്‍ പരമ്പരാഗതമായ സമീപനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നിലവില്‍ വന്നതുമുതല്‍ നികുതി വെട്ടിപ്പ് വര്‍ധിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഴീക്കല്‍ തുറമുഖത്തിന് പ്രഥമ പരിഗണന നല്കി ആദ്യഘട്ടത്തില്‍ തന്നെ വികസനം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കണ്ണൂരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അഴീക്കല്‍ തുറമുഖം വഴി കയറ്റുമതി ചെയ്യാന്‍ കഴിയുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ ടൂറിസത്തിന് പരിഗണന നല്‍കും. ചരക്ക് നീക്കത്തിനായി കപ്പല്‍ ഗതാഗതത്തെ കൂടുതല്‍ ആശ്രയിക്കുന്നതിനൊപ്പം ലോജിസ്റ്റിക്സ്, കപ്പല്‍ നിര്‍മാണം, ക്രൂയിസ് ടൂറിസം, ഫിഷറീസ്, അക്വാകള്‍ച്ചര്‍, മാരിടൈം സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ വിപുലീകരിച്ച് കേരളത്തെ പ്രധാന തുറമുഖാധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു വര്‍ഷത്തിനകം കണ്ണൂര്‍ വിമാനത്താവളത്തിലും സമഗ്രമായ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പോയിന്റ് ഓഫ് കോള്‍ പദവി നേടിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അഴീക്കല്‍ തുറമുഖവും കണ്ണൂര്‍ വിമാനത്താവളവും വികസിച്ചാല്‍ കണ്ണൂരിന്റെ വികസനത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് ചെറിയ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് വിലയിരുത്തുമെന്നും വി.ഡി. സതീശന് വ്യക്തമാക്കി.

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിനെ അംഗീകൃത ബിസിനസ് കണ്‍സള്‍ട്ടന്‍സിയായി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തര മലബാറിന്റെ വാണിജ്യ, വ്യാപാര, വ്യവസായ മേഖലകളുടെ വളര്‍ച്ചയ്ക്കും പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ഏഴര പതിറ്റാണ്ടായി നേതൃത്വം നല്കുന്ന നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്.
ചേംബര്‍ പ്രസിഡന്റ് സച്ചിന് സൂര്യകാന്ത് മഖേച്ച അധ്യക്ഷനായി. അഡ്വ. ടി.ഒ. മോഹനന് എം.എല്‍.എ, മേയര്‍ അഡ്വ. പി. ഇന്ദിര എന്നിവര്‍ മുഖ്യാതിഥികളായി. ചേംബര്‍ വൈസ് പ്രസിഡന്റ് ഹനീഷ് വാണിയങ്കണ്ടി, ഓണററി സെക്രട്ടറി സി. അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി എ.കെ. റഫീഖ്, ട്രഷറര്‍ കെ. നാരായണന്‍കുട്ടി, ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.