കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

21 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലയിലെ പൊതുജന ആരോഗ്യരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായി കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാവും. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

അഞ്ച് നിലകളുള്ള കെട്ടിടത്തിൽ കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി ഒപികളുണ്ടെന്നും മൂന്ന് ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപറേറ്റീവ് വാർഡ്, മെഡിക്കൽ ഐ.സി.യുകൾ, സർജിക്കൽ ഐ.സി.യുകൾ, ഡയാലിസിസ് യൂണിറ്റ് എന്നിവയും വിവിധ നിലകളിലായി 23 എക്‌സിക്യൂട്ടീവ് പേ വാർഡുകളും പ്രവർത്തന സജ്ജമാണെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി ജില്ലാ ആശുപത്രിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘ആർദ്രം’ മിഷനിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലാ ആശുപത്രി വികസനത്തിന്റെ ഒന്നാം ഘട്ടത്തിലാണ് പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ഉൾപ്പെടുത്തിയത്. 61.72 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് നിലകളിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ശുദ്ധജല ശേഖരണ സംവിധാനം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആന്തരിക റോഡുകൾ, കോമ്പൗണ്ട് വാൾ എന്നിവയും നിർമിച്ചു. രണ്ട് ലിഫ്റ്റുകൾ പുതുതായി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

അഞ്ച് നിലകൾക്കും 1254 ച.മീ വീതം വിസ്തീർണമുണ്ട്. ഏറ്റവും താഴത്തെ നിലയിൽ, സ്വീകരണ സ്ഥലം, വാഹന പാർക്കിംഗ്, 110 കെ. വി സബ്‌സ്റ്റേഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയിൽ 150 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കാത്തിരിപ്പ് ലോഞ്ചോടുകൂടിയ ഒൻപത് ഒ.പി കൺസൾട്ടേഷൻ റൂമുകൾ, യു.പി.എസ് റൂം, ഫാർമസി, ടോയ്‌ലറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. രണ്ടാം നിലയിൽ മൂന്ന് മോഡുലാർ ഓപറേഷൻ തിയറ്ററുകൾ. ഇതിൽ ഒ.ടി. സ്റ്റോർ, നഴ്‌സിംഗ് സ്റ്റേഷൻ, ഡോക്ടറുടെ മുറി, പ്രീ-അനസ്‌തേഷ്യ റൂം എന്നിവയുണ്ടാവും. മെഡിക്കൽ, സർജിക്കൽ ഐ.സി.യുകൾ, കാത്തിരിപ്പ് സ്ഥലം, നഴ്‌സ് റൂം, അനസ്‌തേഷ്യ കൺസൾട്ടേഷൻ റൂം, ടോയ്‌ലറ്റുകൾ എന്നിവയുമുണ്ടാവും. മൂന്നാം നിലയിൽ 30 കിടക്കകൾ വീതമുള്ള ജനറൽ വാർഡ്, 22 മെഷീനുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റ് എന്നിവയും കാത്തിരിപ്പ് കേന്ദ്രം, പോസ്റ്റ് ഡയാലിസിസ് റൂം, അഞ്ച് പേ വാർഡുകൾ, പെരിറ്റോണിയൽ ഡയാലിസിസ് റൂം, സ്റ്റോർ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. നാലാം നിലയിൽ 30 കിടക്കകളുള്ള ജനറൽ വാർഡ്, നഴ്‌സിംഗ് സ്റ്റേഷൻ, ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടുന്നു.


നിലവിൽ പ്രവർത്തിച്ചു വരുന്ന സർജിക്കൽ ബ്ലോക്ക്, ട്രോമ കെയർ, അഡ്മിൻ ബ്ലോക്ക്, അമ്മയും കുഞ്ഞും പരിചരണ ബ്ലോക്ക് എന്നിവയ്ക്കുള്ള സബ് പാനലുകലും പ്രവർത്തന സജ്ജമാണ്. പ്രതിദിനം മൂവായിരത്തിലേറെ രോഗികളാണ് ജില്ലാ ആശുപത്രിയിലെ 16 ഒ പികളിലായി എത്തുന്നത്. വിവിധ സ്‌പെഷ്യാലിറ്റി സേവനങ്ങൾ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കിയിരിക്കുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, ഗൈനക്, ഡെന്റൽ, സൈക്യാട്രി, നെഫ്രോളജി, കാർഡിയോളജി, ചെസ്റ്റ്, ഇഎൻടി, സ്‌കിൻ, പീഡിയാട്രിക്, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ തുടങ്ങിയ ഒപികൾക്കു പുറമേ കൗമാര ക്ലിനിക്, ജീവിതശൈലീ രോഗക്ലിനിക്, ട്രോമാകെയർ, ബ്ലഡ് ബാങ്ക് എന്നിവയും മികച്ച നിലയിൽ പ്രവർത്തിക്കുന്നു.

വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, പൊതുരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ടി സരള, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡോ. പി കെ അനിൽകുമാർ, ആർ എം ഒ ഡോ. സുമിൻ മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version