കണ്ണൂർ: ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കൈ അകപ്പെട്ട് കാസർകോട് സ്വദേശിനിയുടെ അറ്റുപോയ വലത് കൈ അതിസങ്കീർണ്ണ പുനർനിർമ്മാണ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മെഡിക്കൽ സംഘമാണ് മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയാ ദൗത്യം പൂർത്തിയാക്കിയത്. അപകടത്തിന്റെ തീവ്രതയും സങ്കീർണ്ണതയും കണക്കിലെടുത്ത് അടിയന്തരമായി ക്രമീകരിച്ച അത്യാധുനിക മൈക്രോ സർജറി സംവിധാനത്തിലൂടെയാണ് രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചത്. യുവതി ജോലി ചെയ്യുന്ന ചപ്പാത്തി നിർമാണ യൂണിറ്റിൽ വെച്ചായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്. ചപ്പാത്തി പരത്തുന്ന യന്ത്രത്തിലേക്ക് മാവ് ഇട്ടുകൊടുക്കുന്നതിനിടെയാണ് കൈപ്പത്തി റോലറുകൾക്കിടയിൽ പെട്ട് അറ്റുപോയത്. യുവതിയുടെ മുൻകൈയിലെ അസ്ഥികൾ ഒടിഞ്ഞു നുറുങ്ങുകയും, തൊലിയും മാംസപേശികളും പ്രധാന രക്തക്കുഴലുകളും പൂർണ്ണമായി ചതഞ്ഞരഞ്ഞയുകയും ചെയ്ത നിലയിലായിരുന്നു.

അപകടം നടന്ന് ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാനായതും രക്തയോട്ടം പൂർണ്ണമായി നിലയ്ക്കുന്നതിന് മുൻപ് ശസ്ത്രക്രിയാ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞതുമാണ് ദൗത്യം വിജയകരമാക്കാൻ സഹായിച്ചതെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മധുചന്ദ്ര ചൂണ്ടിക്കാട്ടി. ശരീരഭാഗങ്ങൾ അറ്റുപോയതോ പൂർണ്ണമായി ചതഞ്ഞുപോയ ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ നേരിടാൻ സജ്ജമായ മെഡിക്കൽ സംവിധാനങ്ങളും വൈദഗ്ധ്യവും ആശുപത്രിയിൽ ലഭ്യമാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ കൃത്യതയാർന്ന പരിചരണവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും സ്വന്തം നാട്ടിൽ തന്നെ ഉറപ്പാക്കിക്കൊണ്ട് മേഖലയിലെ ആരോഗ്യസംരക്ഷണ രംഗത്ത് ജനങ്ങൾക്ക് പൂർണ്ണ ആശ്രയമേകാനാണ് കണ്ണൂർ ആസ്റ്റർ മിംസ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.