/

കുട്ടികളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്ത് ജില്ലാ ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു

14 മിനിറ്റ് വായിച്ചു

കണ്ണൂര്‍:കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന ബാല പാര്‍ലിമെന്റ് സമാപിച്ചു. ബിഎസ്എന്‍എല്‍ ഹാളില്‍ നടന്ന സമാപന പരിപാടി അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് താല്‍പര്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുകയും കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ജനാധിപത്യത്തെക്കുറിച്ച് വ്യക്തമായ അവബോധം വളര്‍ത്തിയെടുക്കുകയും വേണമെന്ന് എം.എല്‍.എ പറഞ്ഞു.ഇന്‍സ്‌പെയര്‍ മനക് അവാര്‍ഡ് ജേതാവും കല്യാശ്ശേരി കെ.പി.ആര്‍. ഗോപാലന്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുമായ പി. വി ശിവനന്ദ് തയ്യാറാക്കിയ സ്മാര്‍ട്ട് വോട്ടിംഗ് മെഷീനും പരിപാടിയില്‍ പരിചയപ്പെടുത്തി.

ജില്ലയിലെ 81 സിഡിഎസ്സുകളിലെ ബാലപഞ്ചായത്തുകളില്‍ നിന്നുള്ള പ്രസിഡണ്ടുമാരും
സെക്രട്ടറിമാരും ബാലപാര്‍ലിമെന്റില്‍ പങ്കെടുത്തു. കളിസ്ഥലം, റോഡ് വികസനം, ലഹരി ഉപയോഗം, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ വര്‍ധനവ് തുടങ്ങിയ വിഷയങ്ങളും ആരോഗ്യപരിരക്ഷ പദ്ധതികള്‍, ശുചിത്വം, വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കല കായിക സാംസ്‌കാരിക വിനോദ വിജ്ഞാന പരിപാടികള്‍, ബാലസൗഹൃദ പഞ്ചായത്ത്, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളും ബാല പാര്‍ലിമെന്റില്‍ പ്രധാന ചര്‍ച്ച വിഷയമായി.കുട്ടികളില്‍ പൗരത്വബോധം വളര്‍ത്തുക, പാര്‍ലമെന്ററി സംവിധാനവും അതിന്റെ പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തുക, കുട്ടികളുടെ പ്രശ്‌നങ്ങളും അവകാശങ്ങളും ഭരണശ്രദ്ധയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യവുമായാണ് ബാല പാര്‍ലിമെന്റ് സംഘടിപ്പിച്ചത്.

രാഷ്ട്രപതിയായി അന്‍വി സുരേഷ്, സ്പീക്കറായി സാന്‍വിയ, പ്രതിപക്ഷ നേതാവായി തേജസ് വിനോദ്, മന്ത്രിമാരായി പ്രകീര്‍ത്ത് തേജസ്വിനി, നാഫിയ, ദേവാമൃത, നിവേദ്യ, ഫാത്തിമത്ത് സജ്‌ല, കൃഷ്ണപ്രിയ, അയാന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത 11 പേര്‍ ജില്ലയെ പ്രതിനിധീകരിച്ച് ഡിസംബര്‍ അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാല പാര്‍ലമെന്റില്‍ പങ്കെടുക്കും.പരിപാടിയില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രാഹുല്‍ അദ്ധ്യക്ഷനായി. കണ്ണൂര്‍ കോര്‍പറേഷന്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ നിര്‍മ്മല, ബാലസഭ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സണ്‍ സി വിനോദ്, ബാലസഭ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സണ്‍മാരായ ടി വി യശോദ, അബ്ദുള്‍ റഹീം, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി വിനേഷ് എന്നിവര്‍ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version