സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കുന്നു. ഇതിൻ്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. ഡിസംബർ അഞ്ചിന് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈൻ യോഗം. പ്രവൃത്തിദിനം ആറില്‍ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ സർവീസ് സംഘടനകള്‍ എതിർക്കുന്നില്ല, എന്നാല്‍ പൊതുഅവധി ദിനങ്ങള്‍ കുറയ്ക്കണമെന്ന നിർദ്ദേശത്തോടാണ് സംഘടനകള്‍ എതിർപ്പ് ശക്തമാക്കുന്നത്. മുൻപ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയുമെന്ന ഉപാധി വച്ചതോടെ സംഘടനകള്‍ എതിർപ്പുമായി രംഗത്തെത്തി. ഇതില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ.
നിലവില്‍ ഏഴുമണിക്കൂറാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകിട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ അഞ്ചുവരെയുമാണ്. പ്രവൃത്തി ദിവസങ്ങളില്‍ കാലത്തും വൈകിട്ടുമായി പ്രവൃത്തി സമയം ഒന്നരമണിക്കൂർ കൂടി ദീർഘിപ്പിച്ചാല്‍ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചത്തെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കില്‍ നിലവില്‍ രാവിലെ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ 9.30നോ ആരംഭിക്കണം. വൈകിട്ട് 5.15 എന്നത് 5.30 അല്ലെങ്കില്‍ 5.45 ആക്കേണ്ടി വരും. സംസ്ഥാനത്തെ സ്കൂള്‍ സമയമടക്കമുള്ള ഘടകങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കണം.
