തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ രാജ്യവ്യാപക പണിമുടക്കിലേക്ക് നീങ്ങുന്നു. ഫെബ്രുവരിയിൽ പണിമുടക്ക് സംഘടിപ്പിക്കാൻ തിങ്കളാഴ്ച ചേർന്ന ട്രേഡ്‌യൂണിയനുകളുടെ യോഗം തീരുമാനിച്ചു. കൃത്യമായ തീയതി ഡിസംബർ 22ന് ചേരുന്ന യോഗത്തിൽ പ്രഖ്യാപിക്കും. ലേബർ കോഡുകൾ പിൻവലിക്കും വരെ ഘട്ടംഘട്ടമായുള്ള സമരം തുടരാനാണ്
ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ തീരുമാനം. തൊഴിലിടങ്ങൾ കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണപ്രവർത്തനങ്ങളും പ്രതിഷേധങ്ങളും തുടരും.
ഇതിൻ്റെ തുടർച്ചയായിട്ടാകും ഫെബ്രുവരിയിലെ പണിമുടക്ക്. തിങ്കളാഴ്‌ചത്തെ യോഗത്തിൽ സിഐടിയുവിനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, എ ആർ സിന്ധു, കെ എൻ ഉമേഷ്, സുദീപ് ദത്ത എന്നിവരും അശോക് സിങ് (ഐഎൻടിയുസി), അമർജീത്ത് കൗർ (എഐടിയുസി), ഹർഭജൻ സിങ് സിദ്ദു (എച്ച്എംഎ സ്), ആർ കെ പരാശർ (എഐ യു ടിയുസി), രാജീവ് ദിമ്രി (എഐസിസിടിയു), സോണിയ ജോർജ് (സേവ), ശത്രുജിത്ത് (യുടിയുസി) തുടങ്ങിയവരും പങ്കെടുത്തു.
