കണ്ണൂര്‍:ജില്ലയിലെ ഭൂമി തരം മാറ്റം അപേക്ഷകളില്‍ വില്ലേജ് ഓഫീസ് തലം മുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തിലാണ് നിര്‍ദ്ദേശം. ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടാത്തതുമായ ഭൂമികള്‍ തരം മാറ്റുന്നതിനായി ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കണം. ഡിസംബര്‍ മാസം പകുതിയോടെ പരമാവധി അപേക്ഷകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കഴിഞ്ഞ നാലു മാസത്തിനകം ജില്ലയില്‍ 3500ഓളം ഭൂമി തരം മാറ്റം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്നു.

വില്ലേജ് ഓഫീസുകളിലെ അിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പരിമിതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ സമ്മറി റിവിഷന്‍ (എസ്എസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ നടപ്പിലാക്കണം. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനായുള്ള വില്ലേജ് ഓഫീസുകളിലെ ഹെല്‍പ്പ് ഡെസ്‌കുകള്‍ സജീവമാക്കണം. കലാലയങ്ങളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് അംഗങ്ങളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. എസ്എസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഡിജിറ്റല്‍ റീസര്‍വെയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ആവശ്യത്തിനുള്ള ജീവനക്കാരെ ഇതിനായി വിന്യസിക്കും. ജില്ലയിലെ അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന്‍ ഊര്‍ജ്ജിതമാക്കാനും നിര്‍ദ്ദേശം ഉയര്‍ന്നു. അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്‍, തളിപ്പറമ്പ് ആര്‍ഡിഒ എം മോഹനന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ പി എന്‍ പുരുഷോത്തമന്‍, വി ഇ ഷേര്‍ളി, കെ വി ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു.