കണ്ണൂർ: റൂട്ട് ബസുകൾക്ക് (സ്റ്റേജ് കാരേജ്) ഓൺലൈൻ സ്പെഷൽ പെർമിറ്റ് നൽകാനുള്ള സർക്കാർനീക്കത്തോടെ ഗുരുതരപ്രതിസന്ധിയിൽ കോൺട്രാക് കാരേജ് മേഖല. പ്രിയദർശിനി പദ്ധതിയുടെ നഷ്ടം നികത്താനെന്നപേരിൽ സ്വകാര്യ റൂട്ട് ബസുകൾക്ക് (സ്റ്റേജ് കാരേജ്) അവധിദിവസങ്ങളിലും മറ്റും ഓൺലൈൻ വഴി സ്പെഷൽ പെർമിറ്റ് അനുവദിക്കാനുള്ള സർക്കാർനീക്കം ഗ്രാമീണ പൊതുഗതാഗതത്തെയും സംസ്ഥാനത്തെ കോൺട്രാക്‌ട് കാരേജ് വ്യവസായത്തെയും പൂർണമായി തകർക്കുമെന്ന് കോൺട്രാക്ട് കാരേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ.

ഒരു ക്വാർട്ടറിൽ കോൺട്രാക്‌ട് കാരേജ് വാഹനങ്ങൾ 50,000 രൂപയോളം റോഡ് നികുതി അടക്കുമ്പോൾ റൂട്ട് ബസുകൾ അടക്കുന്നത് 11,000 രൂപ മാത്രമാണ്. മൂന്നിലൊന്ന് നികുതിമാത്രം അടക്കുന്ന വാഹനങ്ങൾക്ക് ടൂറിസ്റ്റ് സർവിസ് നടത്താൻ അനുമതി നൽകുന്നത് ഉയർന്ന നികുതി അടച്ച് കൃത്യമായി സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസുടമകളോട് ചെയ്യുന്ന അനീതിയാണ്.പ്രിയദർശിനി വന്നപ്പോൾതന്നെ കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്‌മകൾ നടത്തിയിരുന്ന തീർഥാടന യാത്രകളും ടൂറിസ്റ്റ് യാത്രകളും കോൺട്രാക്‌ട് കാരേജ് വാഹനങ്ങൾക്ക് നഷ്ടമായിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ സ്വകാര്യ റൂട്ട് ബസുകൾക്കും സ്പെഷൽ പെർമിറ്റ് നൽകിയത്.
പ്രതിവർഷം 1500 വലിയ ബസുകളും 4000 ചെറിയ ബസുകളും നിരത്തിലിറങ്ങുമ്പോൾ ജി.എസ്.ടി ഇനത്തിൽ മാത്രം 500 കോടി രൂപ പൊതുഖജനാവിലേക്ക് എത്തുന്നുണ്ട്. ഇത് കൂടാതെ പ്രതിവർഷം 600 കോടി രൂപയുടെ മോട്ടോർ വാഹന നികുതി നൽകുന്ന ഒരു മേഖലയാണിത്. സ്വകാര്യ റൂട്ട് ബസുകൾക്ക് സ്പെഷൽ പെർമിറ്റ് അനുവദിക്കാനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കുക, തകർച്ചയുടെ വക്കിലുള്ള കോൺടാക്‌ട് കാരേജ് മേഖലക്കായി പ്രത്യേക പാക്കേജ് അനുവദിക്കുക, കോൺട്രാക്ട്, കാരേജ് ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അസോസിയേഷൻ ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ നവാസ് മൈദോസ്‌ത്, ഷമീർ ഷാൻ, റോസ് മൊയ്തു എന്നിവർ സംസാരിച്ചു.