കണ്ണൂർ: ജില്ലയില്‍ നടപ്പിലാക്കി വരുന്ന പ്രൊജക്ട് ബീക്കണ്‍ ടൗണിന്റെ ഭമാഗിയ പട്ടണങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ പ്രതിനിധികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തതോടെ മാലിന്യരഹിതവും വൃത്തിയുള്ളതുമായ പട്ടണങ്ങളും ഗ്രാമക്കവലകളും സൃഷ്ടിച്ചെടുക്കുകയെന്നതാണ് ബീക്കണ്‍ ടൗണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശുചിത്വമുള്ള പരിസരങ്ങള്‍, മികച്ച പൊതുസൗകര്യങ്ങള്‍, ഹരിത മനോഹരമായ പൊതു ഇടങ്ങള്‍
എന്നിങ്ങനെ ബീക്കണ്‍ ടൗണ്‍ പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതോടെ പട്ടണങ്ങളുടെ സൗന്ദര്യവല്‍ക്കരണം സാധ്യമാവും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അവിടങ്ങളില്‍ പൂന്തോട്ടങ്ങള്‍, ചുമര്‍ചിത്രങ്ങള്‍ തുടങ്ങിയവ ഒരുക്കാനാവും. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പ്രൊജക്ട് ബീക്കണ്‍ ടൗണിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, മലമൂത്ര വിസര്‍ജ്ജനം, നടപ്പാതയുടെ ശോച്യാവസ്ഥ, ഓവചാലുകളുടെ അപര്യാപ്തത, പാര്‍ക്കിങ്ങ് സൗകര്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒക്ടോബര്‍ രണ്ടു വരെയുള്ള ആദ്യഘട്ടത്തില്‍ തന്നെ പരിഹരിക്കപ്പെടണം. ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ താഴെത്തട്ട് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നേറണം. വകുപ്പുകളുടെ ഏകോപനവും കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയായ പരിപാലനവും ബീക്കണ്‍ ടൗണ്‍ പദ്ധതിയില്‍ അനിവാര്യമാണ്. എന്റെ ടൗണ്‍ എന്റെ അഭിമാനം എന്ന രീതിയില്‍ എല്ലാവരും ബീക്കണ്‍ ടൗണ്‍ പദ്ധതിയെ നെഞ്ചേറ്റണം. ജനപ്രതിനിധികള്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ, വ്യാപാരി സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ടാക്സി ജീവനക്കാര്‍ തുടങ്ങി പൊതുജനങ്ങളും ഈ പദ്ധതിയുടെ ഭാഗമാവണം. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഓരോ തദ്ദേശ സ്ഥാപനവും ഏറ്റെടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പൊതുശൗചാലയങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ടേക്ക് എ ബ്രേക്ക് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. ടൗണുകളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും അവ കുന്നുകൂടിക്കിടക്കുന്ന പ്രവണതകളും ഇല്ലാതാകണം. രാത്രിയിലും അതിരാവിലെയും മറ്റും മാലിന്യം നിക്ഷേപിക്കുന്ന പ്രവണത തടയുന്നതിന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം. അനധികൃത ബാനറുകള്‍, ബോര്‍ഡുകള്‍, കമാനങ്ങള്‍, ഉപയോഗ ശൂന്യമായ വൈദ്യുത തൂണുകള്‍, അലക്ഷ്യമായി കിടക്കുന്ന കേബിളുകള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇതിന് മേല്‍നോട്ടം വഹിക്കണം. പദ്ധതിയുടെ ഭാഗമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് അനുസരിച്ച് ബീക്കണ്‍ ഗ്രേഡുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ നാല്‍പ്പത് തദ്ദേശസ്ഥാപനങ്ങള്‍ ബീക്കണ്‍ ടൗണ്‍ സംബന്ധിച്ച ആദ്യഘട്ട സര്‍വെ ഇതിനകം പൂര്‍ത്തിയാക്കിയതായി യോഗം വിലയിരുത്തി. ബാക്കിയുള്ള സ്ഥാപനങ്ങള്‍ ഉടന്‍തന്നെ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം.ധനീഷ്, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.