/

സംസ്ഥാനതല അണ്ടര്‍ 19 വടംവലി ചാമ്പ്യന്‍ഷിപ്പ് 20ന് ചന്ദനക്കാംപാറയില്‍; കായിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

13 മിനിറ്റ് വായിച്ചു

കണ്ണൂര്‍:സംസ്ഥാനതല അണ്ടര്‍ 19 വടംവലി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 20ന് ചന്ദനക്കാംപാറയില്‍ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. സജീവ് ജോസഫ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചന്ദനക്കാംപാറ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പത് മണിക്കാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം. ചാംപ്യന്‍ഷിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും എംഎല്‍എ പറഞ്ഞു.സംസ്ഥാന വടംവലി അസോസിയേഷന്റെയും ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ-സാമൂഹിക വികസന പദ്ധതിയായ ദിശാദര്‍ശന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ് പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചന്ദനക്കാംപാറയില്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന വടംവലി അസോസിയേഷന്‍ പ്രസിഡന്റ് അബിന്‍ വര്‍ക്കി സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും സംബന്ധിക്കും.

ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, മിക്സഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 500ഓളം മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് മൂന്നു ടീമുകളാണ് പങ്കെടുക്കുക. കായികരംഗത്ത് സംസ്ഥാനത്തിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് ചന്ദനക്കാംപാറയെന്നും ഇവിടെ നിന്നുള്ള മുന്നൂറിലേറെ പേര്‍ കായിക മേഖലയിലൂടെ സര്‍ക്കാര്‍ സര്‍വീസുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ കായിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനതല വടംവലി ചാമ്പ്യന്‍ഷിപ്പ് ഇവിടേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം മഠത്തിമ്യാലില്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക മഞ്ജു ജെയിംസ്, വടംവലി ചാംപ്യന്‍ഷിപ്പ് സംസ്ഥാന കോഡിനേറ്റര്‍ ടി പി അഷ്‌റഫ്, കമ്പവലി അസോസിയേഷന്‍ ജില്ലാ ജോയിന്റ് സിക്രട്ടറി പി നാരായണന്‍ കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version