രാജ്യം 79ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ; ഭരണഘടന മൂല്യങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

16 മിനിറ്റ് വായിച്ചു

ഭരണഘടന മൂല്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂർ കലക്ടറേറ്റ്മൈതാനിയില്‍ ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും സംരക്ഷിച്ചേ പറ്റൂ. ജനാധിപത്യം പരിപാലിക്കപ്പെടണം. അതിനായി വീണ്ടും ഒരു സ്വാതന്ത്ര്യ സമരം ആവശ്യമാണെങ്കില്‍ പോലും നാമെല്ലാവരും അണിനിരക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.ദേശീയപതാക ഉയര്‍ത്തിയശേഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുറന്ന ജീപ്പില്‍ പരേഡ് പരിശോധിച്ചു. മാങ്ങാട്ട്പറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍, കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, വനംവകുപ്പ്, എന്‍.സി.സി., എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് എന്നിവയുടെ ഉൾപ്പെടെ 18 പ്ലേറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ഡി.എസ്.സി, ആര്‍മി പബ്ലിക് സ്‌കൂള്‍, സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് ബര്‍ണശ്ശേരി ബാന്‍ഡുകളും പരേഡില്‍ അണിനിരന്നു. കണ്ണപുരം പോലീസ് സ്റ്റേഷന്‍ എസ്.ഐ.മഹേഷ് കടമ്പത്തായിരുന്നു പരേഡ് കാമാന്‍ഡര്‍. തലശ്ശേരി സ്റ്റേഷന്‍ എസ്.ഐ ഷാഫത്ത് മുബാറക്ക് സെക്കന്‍ഡ് ഇന്‍ കാമാന്‍ഡറായി.

സേനാവിഭാഗത്തില്‍ മാങ്ങാട്ടുപറമ്പ് കെ പി നാലാം ബറ്റാലിയന്‍ മികച്ച പരേഡിനുള്ള ഒന്നാം സ്ഥാനംനേടി. എന്‍സിസി സീനിയര്‍ വിഭാഗത്തില്‍ തോട്ടട ഗവ. പോളിടെക്‌നിക് കോളേജ് ഒന്നാം സ്ഥാനം നേടി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട് വിഭാഗത്തില്‍ കണ്ണൂര്‍ എസ് എന്‍ ട്രസ്റ്റ് സ്‌കൂള്‍, ഗൈഡ്‌സ് വിഭാഗത്തില്‍ പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. റെഡ് ക്രോസ് വിഭാഗത്തില്‍ കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇലക്ഷന്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഇലക്ടോപിച്ച്, ക്വിസ് മത്സരവിജയികള്‍ മന്ത്രിയില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് ജില്ലയിലെ സംഗീത അധ്യാപകര്‍ ദേശഭക്തിഗാനം ആലപിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.വി.സുമേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കെ.കെ. രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍, ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ്, റൂറല്‍ എസ്.പി അനൂജ് പലിവാല്‍, അസിസ്റ്റന്റ് കലക്ടര്‍ എഹ്തദെ മുഫസിര്‍, ഡി.എഫ്.ഒ എസ്. വൈശാഖ്, എ.ഡി.എം കല ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!