കണ്ണൂര്‍:സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പരാതികളില്‍ സമയബന്ധിതമായ പരിഹാരമാണ് ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ശേഖരന് മിനിയോടന്‍ പറഞ്ഞു. കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ കമ്മീഷന് അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികം, സാമ്പത്തികം, തൊഴില്‍, വിദ്യാഭ്യാസം എന്നിങ്ങനെ സര്‍വ മേഖലകളിലും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് കമ്മീഷന് പ്രതിജ്ഞാബദ്ധമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും നിരവധി പരാതികളാണ് കമ്മീഷന് മുമ്പാകെ വരുന്നത്. വിവിധ വകുപ്പുകളായി ബന്ധപ്പെട്ടതും വ്യക്തിപരവുമായ പരാതികളും ഇതിലുള്‍പ്പെടുന്നു. വാദിയെയും പ്രതിയെയും അന്വേഷണ ഉദ്യോഗസ്ഥനെയും ഒന്നിച്ചിരുത്തിയാണ് കമ്മീഷന് കേസുകള്‍ പരിഗണിക്കുന്നത്. ഈ കേസുകളില്‍ ശാശ്വതമായ പരിഹാരമാണ് കമ്മീഷനും ആഗ്രഹിക്കുന്നത്. എന്നാല്‍ ചില കേസുകളില്‍ കക്ഷികള്‍ വീണ്ടും പരാതികളുമായി വരുന്ന സ്ഥിതിയുണ്ട്. കക്ഷികള്‍ തമ്മില്‍ കമ്മീഷന് മുമ്പാകെയുള്ള പരസ്പര ആശയ വിനിമയത്തിലൂടെയുള്ള പരാതി പരിഹാരമാണ് ഇതിനായുള്ള പോംവഴി. പരാതിക്കാരന് നീതി ഉറപ്പാക്കി ഇത്തരത്തില്‍ നിരവധി കേസുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായും കമ്മീഷന് ചെയര്മാന് പറഞ്ഞു.

2024 ല്‍ പുതിയ കമ്മീഷന് നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ പതിനായിരത്തോളം പരാതികളാണ് തീര്‍പ്പാക്കിയത്. മുന്‍ കമ്മീഷന് മുമ്പാകെ ലഭിച്ച 5000 ത്തോളം പരാതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തെക്കന്‍ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ കമ്മീഷന് മുമ്പാകെ വരുന്നത്. കണ്ണൂര്‍ ജില്ലയില്‍ ആറാമത്തെ ഫയല്‍ അദാലത്താണ് പൂര്‍ത്തിയായത്. മൂന്നുവര്‍ഷക്കാലയളവില്‍ ജില്ലയില്‍ നിന്നും 179 പരാതികളാണ് കമ്മീഷന്റെ പരിഗണനയില്‍ വന്നത്. ഇതില്‍ 119 പരാതികള്‍ നേരത്തേ പരിഹരിച്ചു. ശേഷിക്കുന്ന 32 പരാതികളാണ് ഇത്തവണത്തെ സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ 17 പരാതികള്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ്. 8 പരാതികള്‍ പോലീസ് വകുപ്പുമായും മറ്റുള്ള പരാതികള്‍ വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ടതാണ്. ഈ പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പരാതിക്കാരെയും ഒന്നിച്ചിരുത്തി കമ്മീഷന് വിവരങ്ങള്‍ ആരാഞ്ഞു. രണ്ടു ബെഞ്ചുകളിലായി നടന്ന ഫയല്‍ അദാലത്തില്‍ 28 പരാതികള്‍ തീര്‍പ്പാക്കി. പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനംഗം ടി.കെ.വാസു, അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.അജിത്ത് പ്രസാദ്, സീനിയര്‍ അസിസ്റ്റന്റ് ആര്.റോഷിത്, കെ.മുരുകന് എന്നിവര്‍ ഫയല്‍ അദാലത്തിന് നേതൃത്വം നല്കി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി.രാധാകൃഷ്ണന്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ്.എസ്.സുധീര്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.