/

ടൈകോണ്‍ 2027; സ്റ്റേക്ക്‌ഹോള്‍ഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

22 മിനിറ്റ് വായിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനുവരിയില്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് & ഇനൊവേഷന്‍ മീറ്റ് – ടൈകോണ്‍ 2027 നിക്ഷേപക സംഗമത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്റ്റേക്ക്‌ഹോള്‍ഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ടി കെ ഗോവിന്ദന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, വിവിധ വകുപ്പുമേധാവികള്‍, വ്യവസായ-വാണിജ്യ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേത് ഉള്‍പ്പെടെ മണ്ഡലത്തിലെ നിക്ഷേപയോഗ്യമായ ഭൂമി ഉള്‍പ്പെടുത്തി ലാന്റ് ബാങ്കിന് രൂപം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി പഞ്ചായത്ത്/നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി, സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള ഭൂമി, വ്യവസായത്തിനായി സ്വകാര്യ വ്യക്തികള്‍ വിട്ടുനല്‍കാന്‍ തയ്യാറുള്ള ഭൂമി എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കും. ടൈകോണിന് മുന്നോടിയായി കൃഷി, ടൂറിസം, വ്യവസായം തുടങ്ങി മണ്ഡലത്തിലെ നിക്ഷേപ സാധ്യതയുള്ള വിവിധ മേഖലകളുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി സെക്ടറല്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ച് നിക്ഷേപക പദ്ധതികള്‍ക്ക് രൂപം നല്‍കും. അതോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവരവരുടെ മേഖലകളിലെ നിക്ഷേപ സാധ്യതയുള്ള പദ്ധതികള്‍ കണ്ടെത്തി അവതരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെ തളപ്പറമ്പിലേക്ക് ആകര്‍ഷിക്കുകയാണ് ജനുവരി 9ന് നടക്കുന്ന ടൈകോണിന്റെ ലക്ഷ്യമെന്നും അതിനാവശ്യമായ പശ്ചാത്തലമൊരുക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും എംഎല്‍എ പറഞ്ഞു. വലുതും ചെറുതുമായ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം മണ്ഡലത്തിലുണ്ട്. അവ നിക്ഷേപകര്‍ക്ക് മുമ്പിലെത്തിക്കാന്‍ ടൈകോണിലൂടെ സാധിക്കും. തളിപ്പറമ്പിലെ റോഡ് കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 12 മീറ്ററില്‍ എയര്‍പോര്‍ട്ട് റോഡിനുള്ള ഭൂമി ഏറ്റെടുക്കല്‍ 90 ശതമാനം പൂര്‍ത്തിയായി. കരാറുകാരുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന കേസ് വൈകാതെ തീര്‍പ്പാകുന്നതോടെ പ്രവൃത്തി തുടങ്ങാനാവും. തളിപ്പറമ്പ്- ഇരിട്ടി റോഡ് വികസിപ്പിക്കുന്നതിനായി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ മേഖലയിലെ എംഎല്‍എമാര്‍ ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയപാതയുടെ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാവുന്നതോടെ റോഡ് ഗതാഗതം സുഗമമാകുമെന്നും അദ്ദേഹം അറിയിച്ചു.

വ്യവസായ ആവശ്യത്തിനുള്ള ഭൂമിയുടെ ലഭ്യത ഏറ്റവും അനുകൂലമായ ഘടകമാണെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ വ്യക്തികളുടേത് ഉള്‍പ്പെടെയുള്ള ഭൂമിയില്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് മൂന്നു കോടി രൂപ വരെ സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി ലഭിക്കും. റോഡ്, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഇത് ഉപയോഗപ്പെടുത്താനാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിക്ഷേപക സംഗമത്തിലൂടെ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മണ്ഡലത്തിലെ വിവിധ മേഖലകളിലെ നിക്ഷേപക സാധ്യതകളെ കുറിച്ചും അതിന് അനുയോജ്യമായ മേഖലകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. തളിപ്പറമ്പ് ആര്‍ഡിഒ എം മോഹനന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി പ്രേംരാജ്, സര്‍സയ്യിദ് കോളേജ് പ്രിന്‍സിപ്പാള്‍ ഇസ്മായില്‍ ഒളിയക്കര, മാനേജര്‍ അഡ്വ പി മഹ്‌മൂദ്, വിവിധ വകുപ്പ് മേധാവികള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, കെഎസ്എസ്‌ഐഎ, കിന്‍ഫ്ര, തുടങ്ങിയ വ്യവസായ-വ്യാപാര സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version