/

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി സണ്ണി ജോസഫ്

16 മിനിറ്റ് വായിച്ചു

കണ്ണൂര്‍ : തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്ഠിത വിഭാഗം വണ്‍ സ്‌കൂള്‍ വണ്‍ പ്രൊഡക്ട് സര്‍വീസ് കണ്ണൂര്‍, കാസര്‍കോഡ് ജില്ല റീജിയണല്‍ തല ഉദ്ഘാടനം ഗേള്‍സ് ജി.വി.എച്ച്.എസ്.എസ്സില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ വികസനത്തിന്റെയും സ്വഭാവവത്കരണത്തിന്റെയും ഇടങ്ങളാണ് പാഠശാലകള്‍. സ്‌കൂള്‍ പഠനത്തിനൊപ്പം തൊഴില്‍ പരിശീലിക്കുകയും ഇതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുകയെന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണ്. സ്വന്തമായി ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും അതിനായി വിപണി കണ്ടെത്തുകയും വരുമാനം നേടുകയും ചെയ്യാന്‍ ഇതുവഴി കുട്ടികള്‍ക്ക് കഴിയും. ശാസ്ത്ര സാങ്കേതിക അറിവുകള്‍ക്കൊപ്പം ഉത്പന്ന നിര്‍മ്മാണ വിപണന ശാഖകളിലും ഇത് കുട്ടികള്‍ക്ക് കരുത്താകും. വിദേശ രാജ്യങ്ങളിലെല്ലാം ഇത്തരത്തിലുള്ള പാഠ്യപദ്ധതികള്‍ നേരത്തേ തന്നെ നിലവിലുണ്ട്. ചെറുപ്പത്തിലെ സ്വന്തം കാലില്‍ നില്‍ക്കാനും അധ്വാനിച്ച് ജീവിക്കാനുമുള്ള ത്വര വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണമാണ് കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് തെരഞ്ഞെടുത്തിരിക്കുന്നത്. സൗമ്യം എന്ന് പേരുള്ള ഈ പദ്ധതിക്ക് പുതിയ കാലത്തില്‍ പ്രസക്തിയുണ്ട്. ഹാനികരമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയില്‍ ഒട്ടേറെയുണ്ടാകാം. ഇതിന് പകരം ഹാനികരമായ രാസവസ്തുക്കളില്ലാത്ത സ്വദേശി ഉത്പന്നങ്ങളാണ് കുട്ടികള്‍ നിര്‍മിക്കുന്നത്. വണ്‍ സ്‌കൂള്‍ വണ്‍ പ്രൊഡക്ടുമായി ഒട്ടേറെ വിദ്യാലയങ്ങള്‍ വിവിധ ഉത്പന്നങ്ങളുമായി വരുന്നതോടെ ഈ മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാണെന്നും മന്ത്രി സണ്ണിജോസഫ് പറഞ്ഞു.

ടി.ഒ.മോഹനന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പി.ഇന്ദിര മുഖ്യാതിഥിയായി. സി.ജി.സി.സി സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.മുഹമ്മദ് ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. ജി.വി.എച്ച്.എസ്.എസ്് പ്രിന്‍സിപ്പാള്‍ എ.എസ്.ആശ ഉത്പന്ന സമര്‍പ്പണം നടത്തി. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സോന ജയറാം, വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടര്‍ ഉദയകുമാരി, ഡി.പി.സി എം.സി.ഹാഷിം, കോര്‍ഡിനേറ്റര്‍ യു.സജിത്ത് കുമാര്‍, കാസര്‍കോട് പ്രിന്‍സിപ്പാള്‍ കോര്‍ഡിനേറ്റര്‍ കെ.ശിശുപാലന്‍, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.സിദ്ദീഖ്, ടി.ടി.ഐ പ്രിന്‍സിപ്പാള്‍ പി.എ.ഇന്ദുമതി, പി.ടി.എ പ്രസിഡന്റ് കെ.ശ്രുതി, മദര്‍ പി.ടി.എ പ്രസിഡന്റ് സൂര്യ രജീഷ്, എസ്.എം.സി ചെയര്‍മാന്‍ കെ.പി.രജീഷ്, പ്രധാനാധ്യാപകന്‍ പി.കെ.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version