പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി എന്നാണ് ആത്മകഥയുടെ പേര്. നാളെ രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് പുസ്തകം പ്രകാശനം ചെയ്യും. ഇളയ കുഞ്ഞിന്റെ അഞ്ചാം ചരമ വാര്‍ഷികമാണ് നാളെ. മക്കളുടെ മരണത്തില്‍ ഉന്നത സ്വാധീനമുള്ള ആറാമതൊരാള്‍ പ്രതിയായി ഉണ്ടായിരുന്നെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി. കേസ് അട്ടിമറിച്ചത് ഇയാളെ രക്ഷിക്കാനാണ്. മൂത്തമകള്‍ മരിച്ചപ്പോള്‍ വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോവുന്നത് ഇളയ മകള്‍ കണ്ടിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസമായിട്ടും പകര്‍പ്പ് നല്‍കിയില്ലെന്നും വാളയാര്‍ അമ്മ പറഞ്ഞു. തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് വാളയാര്‍ അമ്മ പറഞ്ഞു. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് വാളയാറിലെ സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളുന്നത്. ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.
ആത്മകഥയുമായി വാളയാർ പെൺകുട്ടികളുടെ അമ്മ; കേസിൽ ആറാമതൊരു പ്രതികൂടി, നിർണ്ണായക വെളിപ്പെടുത്തൽ
