മുഴപ്പിലങ്ങാട് : കൂറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഭംഗിയാക്കുന്നതിന് ബഹുജന പിന്തുണയോടെ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ലംഘിച്ച് ആചാര വിരുദ്ധമായി സമയ നിഷ്ഠ പാലിക്കാതെ ഏതാനും പേർ കലശമെഴുന്നള്ളത്ത് നടത്തി ഉത്സവം അലങ്കോലമാക്കിയതിൽ ക്ഷേത്ര കമ്മിറ്റി പ്രതിഷേധിച്ചു. കണ്ണൂർ അസി: പോലീസ് കമ്മീഷണരുടെ സന്നിദ്ധ്യത്തിൽ ചേർന്ന യോഗതീരുമാനം ലംഘിച്ച് കലശമെഴുന്നള്ളത്ത് നടത്തിയവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഉത്സവം ഭംഗിയാക്കുന്നതിന് പാടുപ്പെട്ട കമ്മിറ്റിയെ അപകീർത്തിപെടുത്തും വിധം ഇരുട്ടിന്റെ മറവിൽ പോസ്റ്ററുകളും ഫ്ലക്സ് കളും പതിച്ചതിലും യോഗം പ്രതിഷേധിച്ചു. ആചാര വിരുദ്ധമായി ക്രമസമാധാന ഭംഗം വരുത്തും വിധമുള്ള കലശമെഴുന്നള്ളത്ത് ആവർത്തിക്കപ്പെട്ടാൽ മറ്റ് ക്ഷേത്രത്തിൽ സംഭവിച്ചതുപോലെ കലശമെഴുന്നള്ളത്ത് നിരോധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഉത്സവം വിലയിരുത്താനും ഈ വർഷം സംഭവിച്ചത് ആവർത്തിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുവാനുമായി ദേശവാസികളുടെ യോഗം ഈ മാസം 29ന് രാവിലെ 10.30 ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേരാൻ തീരുമാനിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു എൻ.വി. രാജീവൻ ,സി. സുരേഷ് ബാബു, കെ.കെ സുകുമാരൻ, വി. പവിത്രൻ, കെ.ടി രജേഷ് കെ. അരുൺ സംസാരിച്ചു.