കണ്ണൂർ: സർക്കാരിൻ്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ലഹരിവിരുദ്ധ യജ്ഞം ‘സുപഥം – നോ ടു ഡ്രഗ്സ്’ എന്ന പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ തല ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.സെപ്റ്റംബർ 10 വ്യാഴം വൈകീട്ട് മൂന്നിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജില്ലാ നാർക്കോട്ടിക് സെൽ എസ്.ഐ കെ രാധാകൃഷ്ണൻ, വിമുക്തി ജില്ലാ കോർഡിനേറ്റർ എം സുജിത്ത് എന്നിവർ മുഖ്യാതിഥികളായി. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ദീപ, കണ്ണൂർ സിറ്റി സ്റ്റുഡന്റസ്പോലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ രാജേഷ്, അധ്യാപക പ്രതിനിധി പി മുനീർ,പി.ടി എ പ്രതിനിധികൾ, വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി ,തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം വി ജീവ എന്നിവർ സംസാരിച്ചു.
ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ , ഉപജില്ലകളിൽ നിന്നും വിദ്യാഭ്യാസ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പിടിഎ പ്രതിനിധികൾ, എംപിടിഎ പ്രതിനിധികൾ,വ്യാപാരികൾ എന്നിവരെ പരിപാടിയിൽ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ തല ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.

കണ്ണൂർ ജില്ലയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു ശക്തമായ തുടക്കം കുറിച്ചുകൊണ്ട് ഊർജസ്വലമായ തുടർ പ്രവർത്തനങ്ങൾ ഒന്നിച്ചു ചേർന്ന് നടത്തി ലഹരി മാഫിയയയെ ഉന്മൂലനം ചെയ്യാൻ കണ്ണൂർ ജില്ലാ തല ലഹരി വിരുദ്ധ സഭ തീരുമാനിച്ചു.