/

തളിപ്പറമ്പ് നിക്ഷേപക സംഗമം 2027; കില ആസ്ഥാനത്ത് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

15 മിനിറ്റ് വായിച്ചു

കണ്ണൂര്‍:മണ്ഡലത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചയും വികസനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027’ നിക്ഷേപക സംഗമത്തിന് മുന്നോടിയായി കില ആസ്ഥാനത്ത് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. കില അസിസ്റ്റന്റ് ഡയറക്ടർ (പരിശീലനം) മുന്ന പി. സദാനന്ദ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. പി.പി. ബാലൻ ആമുഖാവതരണം നടത്തി.

മണ്ഡലത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ നിക്ഷേപ സാധ്യതകൾ കണ്ടെത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വിവരശേഖരണം നടത്തുക, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ തിരിച്ചറിയുക, നിക്ഷേപ ഡാറ്റാബേസ് തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. നിക്ഷേപക സംഗമത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും വിവരശേഖരണ രീതികളും ശിൽപ്പശാലയിൽ വിശദീകരിച്ചു.

കില ഹെൽപ്പ് ഡെസ്‌ക് കൺവീനറും സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗവുമായ യു.വി. ബാബുരാജ് ക്ലാസെടുത്തു. സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗവും കില ഹെൽപ്പ് ഡെസ്‌ക് അംഗവുമായ എം.എച്ച്. ഷാജിക് തദ്ദേശ സ്വയംഭരണ സ്ഥാപനതല വിവരശേഖരണം, നിക്ഷേപ ഡാറ്റാബേസ് തയ്യാറാക്കൽ, ഇതിനായി ഉപയോഗിക്കേണ്ട ഫോറങ്ങൾ എന്നിവ പരിചയപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ഡാറ്റാബേസ് തയ്യാറാക്കൽ, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ കണ്ടെത്തൽ, ഫോറങ്ങൾ സംബന്ധിച്ച ചർച്ചകൾ എന്നിവ ഉൾപ്പെടുത്തി ഗ്രൂപ്പ് പ്രവർത്തനങ്ങളും നടന്നു.കില ഹെൽപ്പ് ഡെസ്‌ക് അംഗങ്ങളായ പി.വി. ഉമ്മർ കുഞ്ഞി, അബ്ദുറഹ്‌മാൻ, വി.ജി. ശശിധരൻ, ടി.കെ. ഷെഫീഖ്, കെ. മുഹമ്മദ് റാഷിദ് എന്നിവരും റിസോഴ്‌സ് പേഴ്‌സൺമാരായ പി.കെ. സത്യൻ, എം.വി. പ്രേംരാജൻ, സോമനാഥൻ എന്നിവരും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർപേഴ്‌സൺ ദീപ രഞ്ജിത്, ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ വി. സതീദേവി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടേക്കാട്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവ് ഓതറ, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബാലകൃഷ്ണൻ, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാലകൃഷ്ണൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.പി. രമേശൻ മാസ്റ്റർ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!