/

ഉളിക്കല്‍ ടൗണ്‍ വികസനം; 70 ലക്ഷം രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയായി

11 മിനിറ്റ് വായിച്ചു

കണ്ണൂര്‍: ഉളിക്കല്‍ ടൗണിന്റെ വികസനവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമിട്ട് 70 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച നടപ്പാത നിര്‍മാണം, കൈവരി സ്ഥാപിക്കല്‍, തെരുവുവിളക്ക് സ്ഥാപിക്കല്‍ പ്രവൃത്തികളുടെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷനായി. 2025-26 കേരള ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

കണ്ണൂര്‍ നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സാങ്കേതികാനുമതി ലഭിച്ച പ്രവൃത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനായ അബ്ദുള്‍ പി ജമാല്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു. ടൗണിലെ ഡ്രെയിനേജ് ഭിത്തികള്‍ ഉയര്‍ത്തി നിര്‍മിക്കുകയും പഴയ സ്ലാബുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു. കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പാതയില്‍ ടൈലുകള്‍ പാകി കൈവരികളും സ്ഥാപിച്ചു. കൂടാതെ, പദ്ധതിത്തുകയില്‍നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാതയില്‍ തെരുവുവിളക്കുകളും സ്ഥാപിച്ചു.


ഹില്‍ ഹൈവേയിലേക്കും വട്ട്യാംതോട്, മാട്ടറ, മണിക്കടവ്, കാഞ്ഞിരക്കൊല്ലി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്കുമുള്ള പ്രധാന പാതയിലെ വികസനപ്രവൃത്തികള്‍ ടൗണിന്റെ സൗകര്യങ്ങളും സൗന്ദര്യവും മെച്ചപ്പെടുത്തി. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍ സുജി,ലിസമ്മ ബാബു, വൈസ് പ്രസിഡന്റ് ടോമി മുക്കാനൊളിക്കല്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. പ്രശാന്ത്, വാര്‍ഡ് മെമ്പര്‍മാരായ ശശി, പി.സി ഷാജി, ബെന്നി തോമസ്, എബിന്‍ കുര്യകോസ്,ബിജു, അനീഷ് ബാബു,ബെന്നി തൈപറമ്പില്‍, ലിന്‍സി, ജോസഫ്, നിര്‍മല എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!