//
16 മിനിറ്റ് വായിച്ചു

ഏഷ്യ ഉണരുന്നു, ഹാങ്ചൗവിൽ ; ഏഷ്യൻ ഗെയിംസിന്‌ ഇന്ന് ഔദ്യോഗിക തുടക്കം

ഹാങ്ചൗ
ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ വിടരുന്നു. 19–-ാം ഏഷ്യൻ ഗെയിംസിന്‌ ചൈനീസ്‌ നഗരമായ ഹാങ്ചൗവിൽ ശനിയാഴ്‌ച ഔദ്യോഗിക തുടക്കം. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് മുഖ്യാതിഥിയാകും.

കഴിഞ്ഞവർഷം നടക്കേണ്ട ഗെയിംസ്‌ കോവിഡ്‌മൂലം ഈവർഷത്തേക്ക്‌ മാറ്റുകയായിരുന്നു. ചൈന മൂന്നാംതവണയാണ്‌ ഏഷ്യൻ ഗെയിംസിന്‌ ആതിഥേയരാകുന്നത്‌. പരിസ്ഥിതിസൗഹൃദ ഗെയിംസിന്റെ സംഘാടനം സാങ്കേതികവിദ്യയുടെ വിസ്‌ഫോടനമാകും. ഒക്‌ടോബർ എട്ടുവരെയാണ്‌ 16 ദിവസത്തെ ഗെയിംസ്‌. നാലുദിവസംമുമ്പ്‌ മത്സരങ്ങൾ തുടങ്ങി. 45 രാജ്യങ്ങളിലെ 12,500 കായികതാരങ്ങൾ അണിനിരക്കും. ഹാങ്ചൗവിലെയും അഞ്ച്‌ സമീപ നഗരങ്ങളിലെയും 54 വേദികളിലാണ്‌ മത്സരം. 40 ഇനങ്ങളിലെ 61 വിഭാഗങ്ങളിൽ 481 സ്വർണമെഡലുകൾക്കായാണ്‌ പോരാട്ടം.

ഏഷ്യൻ ആധിപത്യത്തിനായി ചൈനയും ജപ്പാനും ദക്ഷിണകൊറിയയുമാണ്‌ പ്രധാന പോര്‌. എന്നാൽ, നാലുപതിറ്റാണ്ടായി ചൈനയെ ആർക്കും പിടിച്ചുകെട്ടാനായിട്ടില്ല. 1982ലെ ഡൽഹി ഗെയിംസ്‌ മുതൽ തുടർച്ചയായി 10 തവണ ചൈനയ്ക്കാണ്‌ ഓവറോൾ കിരീടം. ഇന്ത്യ ആദ്യ പത്തിൽ ഉൾപ്പെടാറാണ്‌ പതിവ്‌. കഴിഞ്ഞ രണ്ടുതവണയും എട്ടാംസ്ഥാനമാണ്‌. ഇക്കുറി 100 മെഡലാണ്‌ ലക്ഷ്യം. ഇന്ത്യക്കായി ഹോക്കി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങും ബോക്‌സർ ലവ്‌ലിൻ ബൊർഗോഹെയ്‌നും ദേശീയപതാകയേന്തും.

മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ഉത്തരകൊറിയ ലോകവേദിയിൽ എത്തുന്നുവെന്ന സവിശേഷതയുണ്ട്‌. കോവിഡ്‌മൂലം രാജ്യാന്തരവേദികളിൽനിന്ന്‌ വിട്ടുനിന്നിരുന്നു. മികച്ച  ഫോമിലുള്ള ഇന്ത്യയുടെ പുരുഷവോളിബോൾ ടീം ക്വാർട്ടർ ഫൈനലിൽ കടന്നു. നാളെ നിലവിലെ ജേതാക്കളായ ജപ്പാനെ നേരിടും.

അരുണാചല്‍ താരങ്ങൾക്ക്‌ വിസ നിഷേധിച്ച്‌ ചൈന
ഏഷ്യൻ ഗെയിംസില്‍ അരുണാചൽപ്രദേശിൽ നിന്നുള്ള മൂന്നു താരങ്ങൾക്ക്‌ വിസ  നിഷേധിച്ച്‌ ചൈന. സംഘാടകരുടെ ഇ–-അക്രഡിറ്റേഷനുണ്ടായിട്ടും വിസ നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധമറിയിച്ച ഇന്ത്യ, പ്രാദേശികമായും വംശീയമായും പൗരന്മാരോട്‌ വിവേചനം കാട്ടിയ ചൈനീസ് നിലപാടിനെ അപലപിച്ചു. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആവർത്തിച്ചു. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ്‌ കമ്മിറ്റി വിഷയത്തിൽ ഇടപെടണമെന്നും വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. ശനിയാഴ്‌ച  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ട കേന്ദ്ര കായികമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ ചൈന സന്ദർശനം റദ്ദാക്കി.

അരുണാചലിൽ നിന്നുള്ള മാർഷ്യൽ ആർട്‌സ്‌ താരങ്ങളായ  നൈമാൻ വാങ്‌സു, ഒനിലു തേഗ, മെപുങ് ലാംഗു എന്നിവർക്കാണ് വിസ നിഷേധിച്ചത്.വാങ്‌സുവിന്‌ വിമാനത്തിൽ കയറാൻ കഴിഞ്ഞില്ല. മറ്റ്‌ രണ്ടുപേർക്ക്‌ ഹോങ്‌കോങ്‌ വരെ മാത്രമായിരുന്നു യാത്രാനുമതി. വിഷയം പരിഹരിക്കാൻ  ചർച്ച നടത്തി വരികയാണെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ആക്ടിങ്‌ പ്രസി
ഡന്റ് രൺധീർ സിങ്‌ അറി
യിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!