കണ്ണൂര്:പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ചൊക്ലി ഗ്രാമപഞ്ചായത്തിൽ 19 അംഗ കമ്മ്യൂണിറ്റി ഹെൽത്ത് സ്ക്വാഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി കെ പ്രദീപൻ ചെയർമാനായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അമൽരാജ് കൺവീനറായുമാണ് കമ്മിറ്റി രൂപീകരിച്ചത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കമ്മ്യൂണിറ്റി ഹെൽത്ത് സ്ക്വാഡ് സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു.

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് തല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംക്രമിക രോഗങ്ങൾ നേരത്തേ കണ്ടെത്തുക, രോഗവാഹക നിയന്ത്രണം ഉറപ്പാക്കുക, പരിസര ശുചിത്വം മെച്ചപ്പെടുത്തുക, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ അതീവ ദുർബല വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കേരള പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രാദേശികതലത്തിൽ കർശനമായി നടപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്. പൊതുജനാരോഗ്യ മേഖലയിൽ സന്നദ്ധ ജനപങ്കാളിത്തം ഉറപ്പാക്കി വാർഡ് തലത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.