തളിപ്പറമ്പ്: പയ്യന്നൂര്‍ രാമന്തളിയിലെ സി.പി.എം പ്രവര്ത്തകന് സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ ടി.പി. ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ പിഴയടയ്ക്കുന്ന പക്ഷം ആ തുക കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തിന് കൈമാറണമെന്നും ഇതിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ ചുമതലപ്പെടുത്തിയതായും കോടതി വ്യക്തമാക്കി.

വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മൂന്ന് മാസം തടവും ധനരാജിന്റെ അമ്മയെ ആക്രമിച്ചതിന് ഒരു വര്‍ഷം തടവും ഭാര്യയെയും അമ്മയെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസം തടവും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് നാല് വര്‍ഷം തടവുമാണ് മറ്റ് ശിക്ഷകള്‍. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവും വിധിച്ചു. എല്ലാ ശിക്ഷകളും പ്രത്യേകം അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ അനുഭവിച്ച അഞ്ച് വര്‍ഷവും നാല് മാസവും തടവിന് ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, രാഷ്ട്രീയ വൈരാഗ്യവുമായി ബന്ധപ്പെട്ട കേസാണെന്നും പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെന്നും ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന് മറുപടിയായി കൊല്ലപ്പെട്ട ധനരാജിനും രണ്ട് കുട്ടികളുണ്ടെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി.
2016 ജൂലൈ 11നാണ് നാടിനെ നടുക്കിയ ധനരാജ് കൊലപാതകം നടന്നത്. ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ധനരാജിനെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ പിന്തുടര്ന്നെത്തിയ സംഘം വീടിന് മുന്നില്‍വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ കണ്മുന്നിലായിരുന്നു ആക്രമണം. കേസിലെ വിധി അറിയാന്‍ സി.പി.എം നേതാക്കളടക്കം നൂറുകണക്കിന് ആളുകള്‍ കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവനയോടനുബന്ധിച്ച് തളിപ്പറമ്പ് സെഷന്‍സ് കോടതി പരിസരത്ത് പൊലീസ് ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.