കണ്ണൂര്:ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികൾ ഇന്ന് (നവംബർ 14) വിപുലമായ പരിപാടികളോടെ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 8.30-ന് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നിന്ന് ശിശുദിന റാലി ആരംഭിക്കും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് രാവിലെ 9.30-ന് കണ്ണൂർ ജി.വി.എച്ച്.എസ്.എസ് (സ്പോർട്സ്, മുനിസിപ്പൽ എച്ച്.എസ്.എസ്) ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും സമ്മാനദാനവും നടക്കും.

കുട്ടികളുടെ പ്രധാനമന്ത്രി മുഹമ്മദ് അമൻ റഫീസ് (കെ.എം.ജി.എം.എസ്, ഇരിണാവ്) സമ്മേളനം ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ പ്രസിഡന്റ് കെ അൻവിത (ഗവ. തളാപ്പ് മിക്സഡ് യു.പി.എസ്) ചടങ്ങിൽ അധ്യക്ഷത വഹിക്കും.കുട്ടികളുടെ സ്പീക്കർ കെ ആവണി (കെ.എം.ജി.എം.എസ്, ഇരിണാവ്) മുഖ്യഭാഷണം നടത്തും.കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ശിശുദിന സന്ദേശം നൽകും. അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ ശിശുദിന സ്റ്റാമ്പ് പ്രകാശനം നിർവ്വഹിക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കലക്ടർ പി. വിഷ്ണുരാജ് നിർവ്വഹിക്കും.