കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിർമിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ആഗസ്ത് 11ന് രാവിലെ 11.30 ന് നടക്കും. ഇതിന്റെ പ്രചാരണാർഥം വെള്ളിയാഴ്ച (08-07-2025) രാവിലെ 11ന് വിളംബര ജാഥ നടക്കും. ജാഥ ഉച്ചയ്ക്ക് 12ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.രത്നകുമാരി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നഴ്സിംങ് വിദ്യാർഥികൾ തുങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങ് പൂർണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് സംഘടിപ്പിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാനായി ഓലക്കൊട്ട (വല്ലം) തയ്യാറാക്കും. ഇതിനായി ആശുപത്രി ജീവനക്കാർക്കായി ആശുപത്രി പരിസരത്ത് ഓലക്കൊട്ട നിർമാണ മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് സമ്മാനങ്ങളും നൽകും.