കണ്ണൂര്‍: വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കെ കെ രാഗേഷിനുള്ള അമിത താല്പര്യത്തിനു പിന്നിലെ കാര്യങ്ങള്‍ പറയിപ്പിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്.
പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും രാഗേഷിനെ സിപിഎം ജില്ലാ സെക്രട്ടറിയായി കണ്ണൂരിലേക്ക് മാറ്റിയതിനു പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ എന്തെന്ന് സ്വയം വിലയിരുത്തിയാല്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ രാഗേഷിന് ബോധ്യപ്പെടും. വിഴിഞ്ഞമോ, അദാനിയോ ഒന്നുമല്ല രാഗേഷിന്റെ വിഷയം.

വിഴിഞ്ഞത്തെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥയെ മാറ്റിയതാണ് കെ കെ രാഗേഷിനെ ഇപ്പോള്‍ വല്ലാതെ വിറളി പിടിപ്പിച്ചത്.കര്‍ണനും കവചവുമൊക്കെയായി രാഗേഷിനു സ്തുതിവചനങ്ങള്‍ ചൊരിഞ്ഞതിനു പിന്നിലെ താല്പര്യങ്ങള് കൂടി ചര്‍ച്ച ചെയ്യിക്കണോയെന്ന് ഇപ്പോള്‍ വീരസ്യം പറയുന്ന രാഗേഷിനു തീരുമാനിക്കാം. വിഴിഞ്ഞത്തിന്റെ പേരില്‍ പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന പല രഹസ്യഇടപാടുകളും പുറത്തു വരുമെന്ന ഭയമാണ് രാഗേഷിനെ വല്ലാതെ പ്രകോപിപ്പിക്കുന്നത്. കെ കെ രാഗേഷിന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ മുണ്ടേരി സ്കൂള്‍ കേന്ദ്രീകരിച്ചു നടന്ന വികസനപദ്ധതികളിലും അതിന്റെ ഫണ്ട് വിനിയോഗത്തിലും സമഗ്രമായ അന്വേഷണമുണ്ടാകണമെന്നും അഡ്വ മാര്ട്ടിന് ജോര്‍ജ് ആവശ്യപ്പെട്ടു.