കണ്ണൂര്‍:സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച ‘നിര്‍മ്മലം ഐസി 100 ചലഞ്ച്’ പദ്ധതികളുടെ വിശദീകരണ പരിപാടി അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു.ദീര്‍ഘകാല കാഴ്ചപ്പാടോടെയാണ് നിര്‍മ്മലം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും, ഇത് കേവലം കുറച്ചുനാളുകള്ക്കുള്ള പദ്ധതിയല്ലെന്നും അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന സമഗ്രമായ പദ്ധതിയാണെന്നും അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം കൃത്യമായി സംസ്കരിക്കുകയും, പൂര്‍ണ്ണമായി സംസ്കരിക്കാന്‍ കഴിയാത്ത മാലിന്യങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ കണ്ടെത്തി ശുചീകരിക്കുന്നതിനും അവ വീണ്ടും മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളായി മാറാതിരിക്കാന്‍ സ്ഥിരമായ സംവിധാനമൊരുക്കുന്നതിനും ലക്ഷ്യമിടുന്നു. ശുചീകരണം ഒരു ദിവസത്തെ പ്രവര്‍ത്തനമായി ഒതുങ്ങാതെ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ശുചിത്വം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു. എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. വി. സുഭാഷ്, ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ എം. സുനില്‍ കുമാര്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, പഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി ലിസി ജോസഫ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പി. എം. ധനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.