കണ്ണൂര്‍:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും കാനന്നൂര്‍ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധി ജയന്തി വാരാഘോഷ പരിപാടികൾ സമാപിച്ചു. ഗാന്ധി സ്മൃതിയിൽ ഒരാഴ്ചയായി വിവിധ പരിപാടികളാണ് നടന്നത്. ബാപ്പുവിന് ഒരു കത്ത് മത്സരം, സ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം, കളിമൺ ശിൽപ്പ നിർമ്മാണം, കണ്ണൂർ സെൻട്രൽ ജയിലിൽ 157ാം ഗാന്ധി വൃക്ഷം നടൽ, ഗാന്ധി സ്മൃതി സമ്മേളനം , ഖാദി പ്രവർത്തക സംഗമം, ഗാന്ധി ധൂളി ചിത്രരചന, കേളപ്പജി അനുസ്മരണ സമ്മേളനം, ലഹരി വിരുദ്ധ സമ്മേളനം തുടങ്ങിയ പരിപാടികൾ വാരാഘോഷത്തിന്റെ ഭാഗമായി നടന്നിരുന്നു. കേരള സർവോദയ മണ്ഡലം, കേരള മദ്യനിരോധന സമിതി, കണ്ണൂർ സർവ്വോദയ സംഘം, പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദിസംഘം, മാർക്ക് എന്നിവയുമായി സഹകരിച്ചായിരുന്നു വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.

മഹാത്മജി മന്ദിരത്തില്‍ നടന്ന സമാപനച്ചടങ്ങ് ഫോക് ലോർ അക്കാദമി ചെയര്മാന് സുരേഷ് ബാബു എളയാവൂര് ഉദ്ഘാടനം ചെയ്തു. വാരാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ബാപ്പുജിക്ക് ഒരു കത്തെഴുത്ത്, ജില്ലാ തല ചിത്രരചന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എബി.എന്‍.ജോസഫ് ജയപ്രകാശ് നാരായണന് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍ കരീം, സര്‍വോദയ മണ്ഡലം പ്രസിഡന്റ് ടി.പി.ആര്.നാഥ്, പ്രൊഫ.മുഹമ്മദ് അഹമ്മദ്, മഹേഷ് ദാസ്, കേരള മദ്യനിരോധന സമിതി പ്രസിഡന്റ് എ.രഘുമാസ്റ്റര്‍, മഹാത്മ മന്ദിരം വൈസ് പ്രസിഡന്റ് എം.ടി.ജിനരാജന്‍, രമ.ജി.നമ്പ്യാര്‍, ഡോ.വാരിജ് രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.