കണ്ണൂര്‍: കണ്ണൂർ കോര്പ്പറേഷന് സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ 2026 ന്റെ പരിപാടികളുടെ റിലീസ് മേയര്‍ പി ഇന്ദിരയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വ്വഹിച്ചു. ഇത്തവണത്തെ കണ്ണൂര്‍ ദസറയില്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് നേരത്തെ മേയര്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ സര്‍പ്രൈസ് എന്താകുമെന്ന ആകാംഷയിലായിരുന്നു കണ്ണൂരിലെ കലാസ്വാദകര്‍. ദസറയുടെ പത്ത് ദിവസത്തെ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് മാനത്ത് ഡ്രോണുകള്‍ വിസ്മയം തീര്‍ക്കുന്ന മെഗാഡ്രോണ്‍ ഷോയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. കണ്ണൂര്‍ ദസറ ഒക്ടോബര്‍ 12 മുതല്‍ 21 വരെ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ വെച്ച് നടക്കും.

ഒന്നാം ദിനമായ ഒക്ടോബര്‍ 12 ന് പ്രശസ്ത ഗായകന് കെ എസ് ഹരിശങ്കര്‍ നയിക്കുന്ന സംഗീത പരിപാടിയോടെ തുടക്കമാകും. രണ്ടാ ദിനം ഫെജോ ലൈവ് റാപ് ഷോ, മൂന്നാം ദിനം തൃസന്ധ്യ മ്യൂസിക് ഫ്യൂഷന്‍ ബാന്‍ഡിന്റെ സംഗീത പരിപാടി, നാലാം ദിനം ഗസല്‍ നിശയുമായി ബിന്‍സിയും ഇമാമും നയിക്കുന്ന സോംഗ് ഓഫ് സോള്‍ ആന്‍ഡ് സോയില്‍, അഞ്ചാം ദിനമായ ഒക്ടോബര്‍ 16 ന് പ്രശസ്ത സിനിമാതാരം നവ്യാനായര്‍ നയിക്കുന്ന നൃത്തപരിപാടി, ആറാം ദിനം മസാല കോഫി മ്യൂസിക് ബാന്‍ഡിന്റെ സംഗീത പരിപാടി, ഏഴാം ദിനം വില്ലിംഗ്ടണ്‍ ഐലന്‍ഡ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗിതപരിപാടി, എട്ടാം ദിനം ആസിഫ് കാപ്പാട് അവതരിപ്പിക്കുന്ന ഇശല്‍ നൈറ്റ്, ഒമ്പതാം ദിനം ഗംഗാ ശശിധരന്റെ വയലിന് ഫ്യൂഷന്‍ & അഥീന ഫോക് മെഗാ ഷോ, അവസാന ദിനമായ ഒക്ടോബര്‍ 21 ന് ത്രയംബകം ഭജന്‍സ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും കണ്ണൂര്‍ കോര്പ്പറേഷന് ഒരുക്കുന്ന മെഗാ ഡ്രോണ്‍ ഷോയും അരങ്ങേറും. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ലിഷ ദീപക്, റിഷാം താണ, റിജില്‍ മാക്കുറ്റി, ഷമീമ ടീച്ചര്‍, മുഹമ്മദി വി കെ, സോന ജയറാം, കോര്‍ഡിനേറ്റര്‍ രാജന് മാസ്റ്റര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.