/

കണ്ണൂര്‍ ദസറക്ക് ഇന്ന് തുടക്കമാകും

20 മിനിറ്റ് വായിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വച്ച് പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന കണ്ണൂര്‍ ദസറ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുതിയ ഭരണസമിതി അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് കണ്ണൂര്‍ ദസറ സംഘടിപ്പിക്കുന്നത്. മൈസൂര്‍ ദസറ കഴിഞ്ഞാല്‍ പേര് കേട്ട ദസറ ആഘോഷം കണ്ണൂരിലായിരുന്നു. രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂര്‍ ദസറ ആഘോഷത്തെ അതിന്റെ എല്ലാ പ്രൗഢിയോടും കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷിച്ചിട്ടുണ്ട്. ഈ വര്‍ഷവും വിപുലമായ രീതിയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം കൂടിയാണ് ദസറ ആഘോഷം. കണ്ണൂരിലെ ജനങ്ങള്‍ ഏറെ ആവേശത്തോടെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ ദസറ ആഘോഷം ഏറ്റെടുത്തത്. ഒരുമക്കായി ദസറ ലഹരിക്കെതിരെ തൂഫാന്‍ എന്നതാണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറയുടെ മുദ്രാവാക്യം.


കണ്ണൂര്‍ ദസറ ആഘോഷങ്ങള്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ പി ഇന്ദിര അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍ സ്വാഗതം നിര്‍വഹിക്കും. കെ. സുധാകരന്‍ എം.പി, ടി.ഒ. മോഹനന്‍ എംഎല്‍എ , കെ വി സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഐഎഎസ്, ഡി.ഐ.ജി. കെ കാര്‍ത്തിക് ഐപിഎസ്, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡി ഐപിഎസ്, സിനിമ താരം ജയരാജ് വാര്യര്‍,പരിസ്ഥിതി പ്രവര്‍ത്തകന്‍ പി പി കൃഷ്ണന്‍, ഐഡിബിഐ ബാങ്ക് സീനിയര്‍ റീജണല്‍ ഹെഡ് ജനറല്‍ മാനേജര്‍ എം.സി സുനില്‍കുമാര്‍, ഡിസിസി പ്രസിഡന്റ്് മാര്‍ട്ടിന്‍ ജോര്‍ജ്, ഐ.യു. എം.എല്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാര്‍, ഡിടിപിസി സെക്രട്ടറി ഡി.വി പ്രഭാത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, ഷമീമ ടീച്ചര്‍, വി.കെ മുഹമ്മദലി, സോനാ ജയറാം, കൗണ്‍സിലര്‍മാരായ വികെ പ്രകാശിനി, പി മഹേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍ രാഹേഷ് കുമാര്‍, എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിനിത നിഷാന്ത് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം, ഉമ ശങ്കരം ടീമിന്റെ തിരുവാതിര, ആയിഷാനി സനേഷ്, മഹേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, നടനം നൃത്ത വിദ്യാലയത്തിന്റെ കൃഷ്ണ നൃത്തം, അഞ്ജലി ശരത് അവതരിപ്പിക്കുന്ന ഭരതനാട്യം, ലാസ്യ നല്ലാഞ്ചിയുടെ കൈകൊട്ടികളി എന്നിവയും അരങ്ങേറും. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കെ എസ് ഹരിശങ്കര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയായ ഹരിശങ്കര്‍ ലൈവ് അവതരിപ്പിക്കും.


കണ്ണൂര്‍ ദസറയുടെ അവസാനദിവസമായ ഒക്ടോബര്‍ 21ന് കലക്ട്രേറ്റ് മൈതാനിയിലെ മെഗാ ഇവന്റിന് ശേഷം ആകാശത്ത് ദൃശ്യവിസ്മയം തീര്‍ക്കാന്‍ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ വച്ച് മെഗാഡ്രോണ്‍ ഷോയും അരങ്ങേറും. കൂടാതെ കണ്ണൂരിലെത്തുന്നവര്‍ക്ക് നഗരം ചുറ്റിസഞ്ചരിക്കുവാന്‍ ഡബ്ള്‍ ഡെക്കര്‍ ബസ് കെ.എസ്.ആര്‍.ടി.സി യുടെ സഹകരണത്തോടെ തയ്യാര്‍ ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും സാംസ്‌കാരിക സമ്മേളനം, പ്രാദേശിക കലാപരിപാടികള്‍, മെഗാ ഇവന്റുകള്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലെ 240 ല്‍ പരം പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന 74 കലാപരിപാടികളും ദസറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version