ഇരിട്ടി: ജില്ലയിലെ പ്രധാന പദ്ധതികളിലൊന്നായ കണ്ണൂർ അന്തരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ നിർമാണപ്രവൃതതികൾ നിലച്ചെന്ന് ആരോപണം. പടിയൂർ പഞ്ചായത്തിലെ കല്യാട് പറമ്പിലാണ് ഗവേഷണകേന്ദ്രം നിർമിക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ട പൂർത്തീകരണം ഉദ്ഘാടനം നടത്തിയിട്ട് ആറുമാസം പിന്നിട്ടിട്ടും ഒന്നും തുടങ്ങിയില്ലെന്ന് മാത്രമല്ല, നിലവിലെ നിർമാണപ്രവൃത്തികൾ പൂർണമായി നിലച്ചെന്നാണ് പറയുന്നത്. കോടികൾ മുടക്കി നിർമിച്ച ബഹുനില കെട്ടിടങ്ങൾ മാറാലയും പൊടിയും മണ്ണും പിടിച്ച് മുഖം നഷ്ടപ്പെട്ടനിലയിലാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗവേഷണകേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്തത്.

ഒന്നാം ഘട്ടത്തിൽ ആശുപത്രി, ലൈബ്രറി, മാനുസ്ക്രിപ്റ്റ് കേന്ദ്രം, നഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ് എന്നിവയാണ് പൂർത്തിയാക്കിയതായി അറിയിച്ചത്. 1.60 ലക്ഷം സ്ക്വയർഫീറ്റിൽ100 കിടക്കകളോടുകൂടിയ ആശുപത്രിയും 19,000 സ്ക്വയർ ഫീറ്റിൽ മാനുസ്ക്രിപ്റ്റ് കേന്ദ്രവും 380 ചതുരശ്ര അടിയിൽ നഴ്സറി ബ്ലോക്കുമാണ് ഉദ്ഘാടനം ചെയ്തത്. 36 ഏക്കറിലാണ് ഇതെല്ലാം പൂർത്തിയാത്തിയത്. 300 കോടിയോളം രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഗവേഷണ കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയായിരുന്നു ലക്ഷ്യം. ഗവേഷണ ലൈബ്രറി, മ്യൂസിയം, സ്റ്റാഫ് ക്വാർട്ടേഴ്സ്, തിയറ്റർ എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഗവേഷണകേന്ദ്രത്തിനു സമീപം 33 കെ.വി സബ് സ്റ്റേഷൻ, രാജ്യാന്തര നിലവാരത്തിലുള്ള താമസ- യാത്രസൗകര്യങ്ങൾ എന്നിവയും ഇതിന്റെ തുടർച്ചയായിരുന്നു. ഔഷധസസ്യ ലഭ്യത, താമസസൗകര്യം, വിനോദസൗകര്യം തുടങ്ങി ഗവേഷണകേന്ദ്രത്തിന് അനുബന്ധമായി വൻ വികസനപദ്ധതികളും ഇതിന്റെ ലക്ഷ്യങ്ങളാണ്.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടുപോലുമില്ല. പൂർത്തീകരിച്ച പ്രവൃത്തികൾക്കുള്ള പണം ലഭ്യമാകാഞ്ഞതിനാൽ കരാറുകാരൻ പൂർണമായും കൈയൊഴിഞ്ഞ നിലയിലാണ്. 314 ഏക്കറാണ് റിസർച് കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 286 ഏക്കറാണ് നിർമാണ പ്രവൃത്തിക്കായി കൈമാറിയിരിക്കുന്നത്. കിറ്റ്കോയാണ് പദ്ധതിയുടെ കൺസൽട്ടൻസി. ആദ്യഘട്ട പ്രവർത്തനം എറണാകുളത്തെ ശിൽപ പ്രോജക്ടാണ് ഏറ്റെടുത്തത്. ഗവേഷണകേന്ദ്രത്തിന്റെ മുന്നിലെ പുൽത്തകിടിയും ഒന്നാംഘട്ട ഉദ്ഘാടനസമയത്ത് കൊണ്ടുവന്ന ചെടികളും ഔഷധസസ്യങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽനിന്ന് പടിയൂർ പൂവ്വം വഴി ഗവേഷണകേന്ദ്രത്തിലേക്കുള്ള റോഡും കാൽനടക്കുപോലും പാറ്റാതവിധം തകർന്നിരിക്കുകയാണ്.