കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സംയോജിത കാർഷിക ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് “ഫ്രഷ് ബൈറ്റ്സ്” എന്ന പേരിൽ കായ ചിപ്സ്, ശർക്കര വരട്ടി എന്നീ പലഹാരങ്ങൾ വിപണിയിൽ എത്തിച്ചു.
ഐ എഫ് സി കർഷകരിൽ നിന്നും സംഭരിച്ച വാഴക്കുല ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കി ആണ് ചിപ്സ്, ശർക്കര വരട്ടി എന്നിവ തയ്യാറാക്കുന്നത്. ഇതിനായി ജില്ലയിലെ ഐ എഫ് സി കർഷകരിൽ നിന്ന് 40 കിന്റൽ വാഴക്കുലകൾ ആണ് സംഭരിച്ചത്. കുടുംബശ്രീ ഓൺലൈൻ പോർട്ടൽ ആയ പോക്കറ്റ് മാർട്ട് വഴി ഇതിനോടകം 575000 രൂപയുടെ ചിപ്സ് വിൽപ്പനയും നടത്തി.

100 ഗ്രാം വെളിച്ചെണ്ണയിൽ തയ്യാറാക്കിയ പാക്കറ്റ് ചിപ്സ്, ശർക്കര വരട്ടി എന്നിവ 100 ഗ്രാമിന് 45 / രൂപ നിരക്കിൽ ആണ് വിപണിയിൽ എത്തിക്കുന്നത്. ഓണം വിപണി ലക്ഷ്യമാക്കി 607.5 ഏക്കർ സ്ഥലത്ത് നേന്ത്ര വാഴ കൃഷി ചെയ്തു. കുടുംബശ്രീ നാട്ട് ചന്തകൾ, ഓണം വിപണന മേളകൾ , ഓൺലൈൻ പോർട്ടൽ ആയ പോക്കറ്റ് മാർട്ടും വഴിയാണ് വിൽപ്പന നടത്തുന്നത്. പടിയൂർ സി ഡി എസ് ചെയർപേഴ്സൺ അമ്പിളി, മാലൂർ സി ഡി എസ് ചെയർപേഴ്സൺ സുമതി, ബ്ലോക്ക് കോർഡിനേറ്റർ രമ്യ ഹരിദാസ്, സുഷ ഷാജി, ഐ എഫ് സി ടീം അംഗങ്ങൾ ആയ രമ്യ, ശരണ്യ , ധനീഷ, രേഷ്മ എന്നിവരുടെ നേതൃതത്തിൽ ആണ് ചിപ്സ് മാർക്കറ്റിൽ എത്തിക്കുന്നത്.