തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികാ സമർപ്പണം 14 മുതൽ

12 മിനിറ്റ് വായിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ 14 വെള്ളിയാഴ്ച നിലവിൽ വരും. നാമനിർദേശ പത്രികാ സമർപ്പണവും വെള്ളിയാഴ്ച ആരംഭിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നവംബർ 21 ആണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിലുള്ള (ഫോറം 2) പത്രികയോടൊപ്പം ഫോറം 2എ-ൽ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം. സ്ഥാനാർഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവെക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
സ്ഥാനാർഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുളള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനൽകുകയും വേണം. നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ 100 മീറ്റർ പരിധിക്കുളളിൽ അനുവദിക്കൂ. വരണാധികാരി/ ഉപവരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ പ്രവേശനാനുമതിയുളളൂ. സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 തിങ്കൾ. വോട്ടെടുപ്പ് ഡിസംബർ 11 വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെ. വോട്ടണ്ണൽ ഡിസംബർ 13 ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ. തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള അവസാന തീയ്യതി ഡിസംബർ 18 ആണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!