തളിപറമ്പ് :തിരുവോണം ബംപർ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റിയതായി വകുപ്പിൻ്റെ വെളിപ്പെടുത്തൽ.തളിപറമ്പിലെ പൊതുമേഖലാ ബാങ്കിലാണ് ഇയാൾ ഒന്നാം സമ്മാനർഹമായ ടിക്കറ്റ് സമർപ്പിച്ചത്. ബാങ്ക് വഴിയാണ് ഭാഗ്യ കുറി വകുപ്പുമായുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതെന്നാണ് വിവരം.

വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പിൽ തമ്പുരാൻ ഏജൻസി വിറ്റ ടിക്കറ്റിനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടിഎൽ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപർ അടിച്ചത്.മുൻവർഷങ്ങളിൽ വലിയ തുകയ്ക്കുള്ള ബംപർ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളിൽനിന്നു പോലും പണം ആവശ്യപ്പെട്ട് ആളുകൾ എത്തിയിരുന്നു. ഇതാവാം ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലി അജ്ഞാതനായി തുടരാൻ കാരണമെന്ന് കരുതുന്നു. നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിച്ചത്.
ചക്കരക്കൽ മുത്തു ഏജൻസി തമ്പുരാൻ ഏജൻസിക്ക് കൈമാറിയ ടിക്കറ്റ് ഏജൻ്റു മുഖേനെയാണ് വിൽപന നടത്തിയിരുന്നത്. ഒന്നാം സമ്മാനം തളിപ്പറമ്പിലാണെന്ന് വ്യക്തമായിരുന്നുവെങ്കിലും മഹാഭാഗ്യശാലിയെ കണ്ടെത്തിയിരുന്നില്ല ഇതിനിടെ എഐ ഉപയോഗിച്ചു പലരുടെയും പേരിൽ ഒന്നാം സമ്മാനർഹരെന്ന വ്യാജ പ്രചാരണവും നടന്നിരുന്നു. ഇതിനിടെയിലാണ് മഹാഭാഗ്യശാലി ആരുമറിയാതെ തളിപ്പറമ്പ് ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ചത്.