കണ്ണൂര്‍:കളം പരിപാടിയില്‍ വിദ്യാര്‍ഥികള്‍ എഴുതി നല്കിയ പരാതികളില്‍ നടപടിയുമായി ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്. ജില്ലാ കളക്ടറുടെ പ്രതിവാര സംവാദം കളം പരിപാടിയില്‍ പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ഡിലെഴുതി നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ പി വിഷ്ണുരാജ് സ്കൂള്‍ അധികൃതരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചു. ഒക്ടോബര്‍ ആദ്യവാരം നടന്ന കളം പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങ് മുതല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വരെ കുട്ടികള്‍ കാര്‍ഡില്‍ എഴുതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.ഇക്കാര്യങ്ങളില്‍ വിശദീകരണം തേടിയ ജില്ലാ കളക്ടര്‍, സ്കൂള്‍ അധികൃതരുടെയും പട്ടികവര്‍ഗ്ഗവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ശിശുസംരക്ഷണ ഓഫീസര്‍മാരുടെയും യോഗം വിളിക്കുകയായിരുന്നു. റാഗിംഗ് തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കുട്ടികളുടെ അച്ചടക്കം പ്രധാനമാണ്. സ്കൂളിലും ഹോസ്റ്റലുകളിലും ഡിസിപ്ലനറി ഇന്‍ചാര്‍ജ്ജ് ഓഫീസറെ നിയമിക്കുന്നത് പരിഗണിക്കണം. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടാവണം. കുട്ടികള്‍ക്കായുള്ള പഠന, വിനോദ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച പാടില്ല. കുട്ടികളില്‍ നിന്നും തെറ്റായ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവ തിരുത്തിയെടുക്കുന്നതിനായി അധ്യാപരില്‍ നിന്നും പരിശ്രമം ഉണ്ടാകണം. ചില കുട്ടികളില്‍ നിന്നുണ്ടാകന്ന പ്രശ്നങ്ങള്‍ മറ്റ് കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറരുതെന്നും കളക്ടര്‍ പറഞ്ഞു.

സ്കൂളില്‍ അധ്യാപകരുടെ സേവനം കുറ്റമറ്റതാകണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. കുട്ടികളുടെ ഹോസ്റ്റല്‍, മെസ് എന്നിവയുമായി ബന്ധപ്പെട്ട പരിമിതികള്‍ ഉടന്‍ പരിഹരിക്കണം. ആവശ്യത്തിന് കമ്പ്യൂട്ടറുകള്‍, ലാബ് സൗകര്യങ്ങള്‍, കെട്ടിട സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. കായിക പരിശീലനത്തിലുള്ള സൗകര്യക്കുറവ് പരിഹരിക്കുന്നതിന് ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോള്‍, തൈക്വാണ്ടോ, ടേബിള്‍ ടെന്നിസ് എന്നിവയില്‍ പരിശീലകരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.

വിവിധ കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കുട്ടികള്‍ക്ക് അവസരമൊരുക്കണം. കൃത്യമായ കായിക പരിശീലനം സ്കൂളില്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. എംആര്‍എസ്സില്‍ സ്റ്റേജ് നിര്‍മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി. കുട്ടികളില്‍ വായന പരിപോഷിപ്പിക്കുന്നതിനായി സ്കൂള്‍ വായനാമുറി ശാക്തീകരിച്ചതായും എല്ലാം ക്ലാസ്സുകളിലും പത്രം ലഭ്യമാക്കിയതായും സ്കൂള്‍ അധികൃതര്‍ ജില്ലാ കലക്ടറെ അറിയിച്ചു. സ്കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് രൂപീകരിക്കാനും ക്വിസ് പോലുള്ള വിജ്ഞാന പരിപാടികള്‍ നടത്താനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.കലാകായിക മുന്നേറ്റത്തിനൊപ്പം പഠനത്തിലും മികവുണ്ടാക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണ്. ഇതിനായുള്ള തുടര്‍ അവലോകനങ്ങള്‍ നടക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, ഐ.ടി.ഡി.പി ഓഫീസര്‍ എസ് എസ് സുധീര്‍, പട്ടുവം എം.ആര്.എസ് പ്രിന്‍സിപ്പാള്‍ കെ രതീഷ്, പ്രധാനാധ്യാപകന് ജോബിഷ് ജോസഫ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.