/

‘പൊതു ഇടങ്ങള്‍ വയോജന സൗഹൃദമാകണം’

18 മിനിറ്റ് വായിച്ചു

കണ്ണൂര്‍: വയോജനങ്ങള്‍ക്കായുളള സൗകര്യങ്ങള്‍ അവരുടെ അവകാശമാണെന്നും പൊതുഇടങ്ങളെല്ലാം വയോജന സൗഹൃദമാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ വയോജന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ എണ്ണം കൂടിവരുന്നത് സാമൂഹിക പുരോഗതിയുടെയും അടയാളമാണ്. ഇതിന് ആനുപാതികമായി ഈ ജനസമൂഹത്തിനായുള്ള സൗകര്യങ്ങളും വിപുലീകൃതമാകണം. അപ്പോഴാണ് നാടും ജനതയും വികസിതമാവുന്നത്. വയോജനങ്ങള്‍ക്ക് നിയമ പരിരക്ഷ, പകല്‍വീടുകള്‍, ചികിത്സാലയങ്ങള്‍, പാലിയേറ്റീവ് കെയര്‍ എന്നിവയെല്ലാം കാലഘട്ടത്തിന്റെ ആവശ്യമാണ്. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് നിലവില്‍ വന്നത് ആശ്വാസകരമായ തീരുമാനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു.  ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രതിബദ്ധതയോടെ വയോജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ആശ്രയത്വമാണ് ദൗര്‍ബല്യം. വാര്‍ദ്ധക്യകാലത്തെ ആശ്രയത്വം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതോടെ ഒറ്റപ്പെട്ട് പോകുന്നവരാണ് വളരെയേറെ വയോജനങ്ങള്‍. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതയായിപ്പോകുന്നവര്‍. അവര്‍ക്ക് വേണ്ടി ആയിരുന്നില്ല അവരെല്ലാം ജീവിച്ചത്. ഗുണമേന്മയുള്ള ജീവിതം അവര്‍ക്കായി നല്‍കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.  ഡി.എല്‍.എസ്.എ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ എം.ശ്രുതി  മുഖ്യാതിഥിയായി. വയോജനങ്ങള്‍ കബളിക്കപ്പെടുന്ന കാലം കൂടിയാണിതെന്ന് അവര്‍ പറഞ്ഞു. ഏത് തരത്തിലും പറ്റിക്കപ്പെടാന്‍ സാധ്യതയള്ള ഈ കാലത്ത് സൈബര്‍ സുരക്ഷയുടെ പാഠങ്ങള്‍ കൂടി ഇവര്‍ക്ക് ലഭ്യമാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.ഷബ്‌ന വയോജന സംരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വയോജന മേഖലയിലെ മികവുറ്റ സന്നദ്ധ പ്രവര്‍ത്തനത്തിന് കണ്ണൂര്‍ ഡിമെന്‍ഷ്യ കെയര്‍ സൊസൈറ്റി സ്ഥാപക കാര്‍ത്തി ഭാസ്‌കരനെ ചടങ്ങില്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബോബി എണ്ണച്ചേരിയില്‍, പി.രവീന്ദ്രന്‍, എ.പ്രദീപന്‍, രജിന മോഹന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോര്‍ജ്ജ് ജോസഫ്, വി.വി.പവിത്രന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ടി.പ്രസാദ്, സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പി.രാജീവന്‍  എന്നിവര്‍ സംസാരിച്ചു. വയോജന സംരക്ഷണം ആരോഗ്യകരമായ വാര്‍ദ്ധക്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍  ഡി.എല്‍.എസ്.എ പാനല്‍ അംഗം അഡ്വ.കെ.എ.പ്രദീപ് ക്ലാസ്സെടുത്തു. എസ്.എന്‍. കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ ഋണം ലഘുനാടകവും അരങ്ങേറി. വയോജന സംഘടന പ്രതിനിധികള്‍, സായം പ്രഭ ഹോം അന്തേവാസികള്‍ എസ്.എന്‍.കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സീനിയര്‍ സിറ്റിസണ്‍സ് വകുപ്പ്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലാ വയോജന കൗണ്‍സില്‍, കണ്ണൂര്‍ എസ്.എന്‍ കോളേജ് എന്നിവരുടെ നേത്വത്തിലാണ് പരിപാടികള്‍ നടന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!