കണ്ണൂര്‍:തലശ്ശേരി നഗരസഭയും തലശ്ശേരി ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന രണ്ടാം പാലിയേറ്റീവ് കെയര്‍ വിംഗിന്റെ പ്രവര്‍ത്തനം നവംബര്‍ 16 ന് ഉച്ചയ്ക്ക് 2.30 ന് മുന്‍സിപ്പാലിറ്റി
ഓഫീസ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.

നഗരസഭയിലെ 53 വാര്‍ഡുകളിലെയും കിടപ്പുരോഗികള്‍ക്കും ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായ പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ യൂണിറ്റ് ആരംഭിക്കുന്നത്.
നിലവില്‍ നഗരസഭയിലെ മുഴുവന്‍ 53 വാര്‍ഡുകളിലെയും പാലിയേറ്റീവ് പരിചരണ ചുമതല ഒരു യൂണിറ്റിനാണ്. ഇതുമൂലം എല്ലാ രോഗികളെയും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കുന്നതില്‍ ജീവനക്കാര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. രണ്ടാമത്തെ യൂനിറ്റ് കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ 53 വാര്‍ഡുകളെ 26, 27 വാര്‍ഡുകള്‍ വീതമുള്ള രണ്ട് യൂണിറ്റുകളായി വിഭജിച്ച് സേവനം ക്രമീകരിക്കും. ഇതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തനഭാരം കുറയ്ക്കുന്നതിനൊപ്പം ഗൃഹസന്ദര്ശനങ്ങള് കൂടുതല്‍ കാര്യക്ഷമമാക്കാനും ഓരോ രോഗിക്കും ആവശ്യമായ പരിചരണം ഉറപ്പാക്കാനും സാധിക്കും.
പുതിയ യൂണിറ്റിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്കും ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ആവശ്യമായ വിവിധ നഴ്സിങ് പരിചരണങ്ങള്‍ വീടുകളില്‍ ലഭ്യമാക്കും. മൂത്രാശയ കത്തീറ്റര്‍ സ്ഥാപിക്കല്‍, മാറ്റിസ്ഥാപിക്കല്‍, റൈല്‍സ് ട്യൂബ് സംബന്ധമായ പരിചരണം, മുറിവുകള്‍ക്കും ബെഡ്സോറുകള്ക്കുമുള്ള ഡ്രസ്സിങ്, വേദനയും മറ്റ് രോഗലക്ഷണങ്ങളും നിയന്ത്രിക്കുന്നതിനുള്ള പരിചരണം തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി ആവശ്യാനുസരണം മാസത്തിലൊരിക്കല്‍ ഡോക്ടറുടെ ഗൃഹസന്ദര്‍ശനവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
കൂടാതെ, രോഗികളുടെ ശാരീരികക്ഷമതയും ചലനശേഷിയും നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ആവശ്യാനുസരണം ഫിസിയോതെറാപ്പി സേവനവും ലഭ്യമാക്കും.രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.